Sunday, November 7, 2010

ഗൂഗിളിന്‍റെ സ്റ്റോപ്പില്ലാത്ത ബസ് സര്‍വ്വീസ്

ഇമെയില്‍ എന്ന സങ്കല്‍പ്പത്തെ അതിവേഗത്തില്‍ മാറ്റി എഴുതിക്കൊണ്ടിരിക്കുകയാണ് ഗൂഗിള്‍. ജിമെയിലില്‍ ഒട്ടേറെ അധിക സേവനങ്ങളുള്‍പ്പെടുത്തുന്ന ഗൂഗിളിന്‍റെ ശീലത്തിന്‍റെ മറ്റൊരു പരീക്ഷണമാണ് ഗൂഗിള്‍ ബസ് (Google Buzz). സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നവ പരിചിതമായവര്‍ക്ക് ഗൂഗിള്‍ ബസ് പുതിയൊരനുഭവം പകരും.
എന്താണ് ഗൂഗിള്‍ ബസ്:-
ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുന്നതിന് സമാനമായി നിങ്ങള്‍ക്ക് സന്ദേശം അയക്കാനുള്ള സംവിധാനമാണ് ബസില്‍ ഒരുക്കിയിരിക്കുന്നത്. ട്വിറ്ററിനെപ്പോലെ 140 അക്ഷരങ്ങളുടെ പരിമിതി ഇവിടെ ഇല്ല എന്നതാണ് ഏറ്റവും പ്രധാനം. അതിനാല്‍ തന്നെ യു.ആര്‍. എല്ലുകളൊന്നും (Universal Resource Locater) ചുരുക്ക രൂപത്തിലേക്ക് മാറ്റേണ്ടതില്ല. ഇതുവഴി ചുരുക്ക യു.ആര്‍.എല്ലുകള്‍ തെറ്റായ വെബ്സൈറ്റികളിലേക്ക് നയിക്കുന്ന പ്രവണതക്ക് തടയിടുകയും ചെയ്യാം.
ഓരോ ബസ് സന്ദേശങ്ങളും ജിമെയിലിലെ ഇമെയില്‍ സന്ദേശങ്ങളുടെ സവിശേഷതയായ സംഭാഷണ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും ബസിന്‍റെ പ്രധാന പ്രത്യേകതയാണ്. നിങ്ങള്‍ നടത്തുന്ന ബസുകള്‍ക്കുള്ള മറുപടിയും അവയ്ക്ക് സുഹൃത്തുക്കള്‍ നല്‍കുന്ന കമന്‍റുകളും അതിനോടനുബന്ധിച്ച് നടക്കുന്ന സംവാദങ്ങളുമെല്ലാം ഒറ്റ ത്രഡില്‍ കൂട്ടി ചേര്‍ക്കുന്നു.
ഇതോടൊപ്പം ട്വിറ്ററിന്‍റെ ചില സുപ്രധാന സ്വഭാവ സവിശേഷതകള്‍ ബസിലേക്ക് അതേ രൂപത്തില്‍ എത്തിപ്പെടുന്നുണ്ട്. മറുപടി സന്ദേശങ്ങള്‍ക്കായി ട്വിറ്റര്‍ തയ്യാറാക്കിയ @ സിന്‍റാക്സ് ബസിലും അതേപടി പ്രയോഗിക്കാം.
ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയെല്ലാം പങ്കുവെക്കാനും ബസ് അവസരമൊരുക്കുന്നു. ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്നതിന് ജിമെയില്‍ തനതായ രീതി സ്വീകരിച്ചിരിക്കുന്നു. ചിത്രങ്ങളുടെ തമ്പ് നെയിലിനു മുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫുള്‍ സൈസിലുള്ള ചിത്രം അതേ വിന്‍ഡോയില്‍ തന്നെ അപ്ഡേറ്റ് സ്ട്രീമായി പ്രത്യക്ഷപ്പെടുന്നു. ഇതിനാല്‍ ബസ് വിന്‍ഡോയില്‍ നിന്ന് പുറത്ത് പോകേണ്ട ആവശ്യം പൂര്‍ണ്ണമായി ഒഴിവാക്കുന്നു. വീഡിയോ ആവശ്യമാണെങ്കില്‍ ബസ് വിന്‍ഡോയില്‍ വെച്ചു തന്നെ സ്ട്രീം ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ബസ് റാങ്കിംഗ്:-
ബസ് സന്ദേശങ്ങളെ റാങ്ക് ചെയ്യുന്ന ഒരു പ്രത്യേക സംവിധാനവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. അതായത് നിങ്ങള്‍ക്കിഷ്ടപ്പെടാനിടയുള്ള സംവാദങ്ങളും സംഭാഷണങ്ങളും ഗൂഗിള്‍ റെക്കമെന്‍റ് ചെയ്യുന്ന സംവിധാനമാണിത്. നിങ്ങളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട സംഭാഷണങ്ങളാണ് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ ഗൂഗിള്‍ ബസില്‍ ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ പോലും നിങ്ങളുടെ സുഹൃത്തുക്കള്‍ നടത്തിയ സംഭാഷണങ്ങളില്‍ രസകരമായവ നിങ്ങള്‍ക്ക് ലഭിക്കുന്നു. അതിനോട് നിങ്ങള്‍ക്ക് കമന്‍റ് ചെയ്യുകയുമാവാം.
ഇതു കൂടാതെ സംഭാഷണം നടക്കാത്തതോ അല്ലെങ്കില്‍ ഇന്‍ആക്ടീവ് ആയതോ ആയ ത്രെഡുകള്‍ മിനിമൈസ് ചെയ്ത് ഹൈഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഒരു സുഹൃത്തിന്‍റെ തന്നെ ഒട്ടേറെ ഇന്‍ആക്ടീവ് ത്രെഡുകള്‍ ഉണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഒറ്റ ഗ്രൂപ്പായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.
ഏത് സ്റ്റോപ്പില്‍ നിന്ന് ബസ് കിട്ടും:-
ജിമെയില്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഗൂഗിള്‍ ബസിന്‍റെ ഉപയോക്താക്കളാകാം. ഇതിനകം തന്നെ ഒട്ടേറെ ജിമെയില്‍ ഉപയോക്താക്കള്‍ ഇതില്‍ അംഗമായിക്കഴിഞ്ഞിട്ടുണ്ടാകും. ജിമെയിലില്‍ പുതിയ അംഗത്വമെടുക്കുന്നവര്‍ക്കും കുറേക്കാലത്തിനുശേഷം ലോഗിന്‍ ചെയ്യുന്നവര്‍ക്കുമെല്ലാം ബസിനെക്കുറിച്ചുള്ള വിവരം ആദ്യമേ തന്നെ ജിമെയില്‍ നല്‍കുന്നുണ്ട്.
ബസ് പിടിക്കാമെന്ന് വെച്ചാല്‍‍:-
ഗൂഗിള്‍ ബസില്‍ കയറാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ജിമെയിലില്‍ Inbox എന്നതിനുതാഴെ Buzz എന്ന പുതിയ ഒരു ലിങ്ക് കൂടി കാണാന്‍ സാധിക്കും. ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ വിവിധ ബസ് സന്ദേശങ്ങളുടെ ത്രെഡുകള്‍ കാണാം. ഇവയെല്ലാം ഒരു ജിമെയില്‍ സന്ദേശം കൈകാര്യം ചെയ്യുന്നതുപോലത്തന്നെ കൈകാര്യം ചെയ്യാം ഏതെങ്കിലുമൊരു ത്രഡില്‍ നിങ്ങള്‍ക്ക് കമന്‍റ് ചെയ്യണമെന്നുണ്ടെങ്കില്‍ അതിനുതാഴെ കാണുന്ന Comment Box ഉപയോഗിക്കാം.
Buzz എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും മുകളില്‍ത്തന്നെ നിങ്ങള്‍ക്ക് സന്ദേശം അടയ്ക്കാനുള്ള ടെക്സ്റ്റ് ബോക്സ് കാണാം. ബസില്‍ പുതിയതായി എത്തിയവരാണെങ്കില്‍ ബസ് ത്രെഡ് തുടങ്ങുന്നതിന് മുമ്പായി നിങ്ങളുടെ പ്രൊഫൈല്‍ തയ്യാറാക്കണം. ഇതോടൊപ്പം നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇപ്പോള്‍ ബസ് ഉപയോഗിക്കുന്നവരുടെ വിവരം ഗൂഗിള്‍ പ്രദര്‍ശിപ്പിക്കും. അതില്‍ നിങ്ങളുടെ ബസ് ഫോളോ ചെയ്യുന്നവരെയും കാണാന്‍ സാധിക്കും ഇവരെ ഫോളോ ചെയ്യാം.
ഇനി മെസേജ് ടെക്സ്റ്റ് ബോക്സില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സന്ദേശം ടൈപ്പ് ചെയ്ത് Post ബട്ടനില്‍ അമര്‍ത്തുക. ഇതോടെ നിങ്ങളെ ഫോളോ ചെയ്യുന്നവരുടെ ജിമെയിലിലേക്ക് ഈ സന്ദേശം അയക്കപ്പെടും, നിങ്ങളുടെ ബസ് സന്ദേശങ്ങള്‍ പബ്ലിക്കോ, പ്രൈവറ്റോ ആയി അയക്കാം.
നേരം വൈകിയാണെങ്കിലും ബസ് വന്നാല്‍ :-
ഇനി നിങ്ങള്‍ക്ക് ഒരു ബസ് സന്ദേശം വന്നാല്‍ എങ്ങിനെയാണ് അറിയുക ? സാധാരണ ഗതിയില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന രസകരമായ സംഭാഷണങ്ങള്‍ Buzz ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണാം. കൂടാതെ നിങ്ങള്‍ അയച്ച ബസ് സന്ദേശങ്ങളും അവയ്ക്കുള്ള മറുപടിയും ഇവിടെ കാണാം.
ഇതുകൂടാതെ നിങ്ങള്‍ തുടങ്ങിയതോ അല്ലെങ്കില്‍ കമന്‍റ് ചെയ്തതോ ആയ ത്രെഡില്‍ പുതുതായി വരുന്ന എല്ലാ സന്ദേശങ്ങളുടെ അലെര്‍ട്ട് Inboxലും പ്രത്യക്ഷപ്പെടും. ഈ സന്ദേശങ്ങളുടെ Subject ലൈനിന്‍റെ തുടക്കത്തില്‍ Buzz എന്നുണ്ടാകും.
കണക്റ്റഡ് സൈറ്റുകള്‍:-
ട്വിറ്റര്‍ പോലുള്ള മറ്റു സൈറ്റുകളില്‍ സജീവരായ ഉപയോക്താക്കള്‍ക്ക് അവിടെ നടത്തുന്ന ആക്ടിവിറ്റികള്‍ ബസുമായി കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ട്വിറ്റര്‍, പിക്കാസ, യൂട്യൂബ്, ഫ്ളിക്കര്‍, ബ്ലോഗര്‍, ഗൂഗിള്‍ റീഡര്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എങ്കിലും ട്വിറ്ററിലേക്ക് നേരിട്ട് മെസേജ് ചെയ്യാനുള്ള സൌകര്യം ഇപ്പോള്‍ നിലവിലില്ല.
ഗൂഗിള്‍ ബസ് വെബ്ബിനു പുറമെ മൊബൈലിലും ലഭ്യമാണ്. ഗൂഗിളിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതൊടൊപ്പം കൂട്ടിയിണക്കിയിട്ടുണ്ട്. സന്ദേശങ്ങള്‍ക്കനുസൃതമായി ലൊക്കേഷന്‍ പ്രദര്‍ശിപ്പിക്കുന്ന ഗൂഗിള്‍ മാപ്സ് ഒരു ഉദാഹരണം മാത്രം.
ബസില്‍ നിന്ന് പാതിവഴിക്കിറങ്ങണമെങ്കില്‍:-
ഗൂഗിള്‍ ബസ് ഉപയോഗിച്ച ശേഷം തനിക്കിതാവശ്യമില്ല എന്ന് തോന്നുന്നുവെങ്കില്‍ ഇതൊഴിവാക്കാനുള്ള സംവിധാനവുമുണ്ട്. ജിമെയിലിലെ Settings ലിങ്ക് ക്ലിക്ക് ചെയ്താല്‍ Buzz എന്ന പുതിയൊരു ലിങ്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ Buzz Choiceല്‍ Show Google Buzz in Gmail എന്ന ഓപ്ഷനായിരക്കും ആക്ടീവായിരിക്കുക. Do not show Google Buzz in Gmail എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ബസ് ജിമെയിലില്‍ പ്രദര്‍ശിപ്പിക്കില്ല. എങ്കിലും മൊബൈലില്‍ ബസ് ലഭ്യമായിരിക്കും.
ഇനി ബസ് ഡിസേബിള്‍ ചെയ്യാനാണെങ്കില്‍ താഴെ Disable Google Buzz എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഇതോടെ ബസ് ജിമെയിലില്‍ നിന്നൊഴിവാകുന്നതിനു പുറമെ നിങ്ങളുടെ ബസ് പ്രൊഫൈലും, ബസ് പോസ്റ്റുകളും ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. കൂടാതെ കണക്റ്റഡ് സൈറ്റുകളില്‍ ഡിസ്കണക്റ്റ് ചെയ്യുകയും നിങ്ങള്‍ ഫോളോ ചെയ്യുന്നവരെയെല്ലാം അണ്‍ഫോളോ ചെയ്യുകയും ചെയ്യും

Saturday, November 6, 2010

ഗൂഗിളിന്‍റെ ആവനാഴിയിലെ അസ്ത്രങ്ങള്‍

ഗൂഗിള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് കണക്കില്ല മിക്കവയും സൌജന്യം, ലോകത്തുള്ള മുഴുവന്‍ വിജ്ഞാനവും ഒറ്റകുടക്കീഴില്‍ കൊണ്ടുവരികയെന്ന ഗൂഗിളിന്‍റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാണ് ഓരോ സര്‍വ്വീസുകളുമെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും, ഗൂഗിള്‍ സേവനങ്ങളില്‍ തിരഞ്ഞെടുത്തവ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഗൂഗിള്‍ സെര്‍ച്ച് :-
വെറും സേര്‍ച്ചിങ്ങിന് മാത്രമല്ല ഒരാളുടെ ദൈനംദിന ജീവിതത്തിലെ ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് പ്രശസ്തമായ ഈ സെര്‍ച്ച് എഞ്ചിന്‍. ഗൂഗിള്‍ സെര്‍ച്ചിനെ നിങ്ങളുടെ നിഘണ്ടുവായും, കാല്‍ക്കുലേറ്ററായും, നാണയവിനിമയ വിവരകേന്ദ്രമായുമൊക്കെ അനായാസം ഉപയോഗിക്കാനാകും. ഏതെങ്കിലും ഒരു ഇംഗ്ലീഷ് വാക്കിന്‍റെ അര്‍ത്ഥമറിയണം എന്നിരിക്കട്ടെ ഗൂഗിളുണ്ടെങ്കില്‍ ഡിക്ഷണറി തേടേണ്ട കാര്യമില്ല. സെര്‍ച്ച് ബോക്സില്‍ define: എന്ന് ടൈപ്പ് ചെയ്തിട്ട് അര്‍ത്ഥമറിയേണ്ട വാക്കു കൂടി നല്‍കി സെര്‍ച്ച് ചെയ്യുക സെര്‍ച്ച് ഫലങ്ങളില്‍ ആദ്യത്തേത് ആ വാക്കിന്‍റെ അര്‍ത്ഥമായിരിക്കും.
സങ്കീര്‍ണ്ണമായ ഗണിത പ്രശ്നത്തിന് ഉത്തരം തേടണമെന്നിരിക്കട്ടെ, സെര്‍ച്ച് ബോക്സില്‍ ആ പ്രശ്നം നല്‍കിയാല്‍ ഗൂഗിള്‍ അതിന്‍റെ ഉത്തരം ഉടനെയെത്തിക്കും. നാണയങ്ങളുടെ മൂല്യം അറിയാനും ഗൂഗിള്‍ സെര്‍ച്ച് സഹായിക്കും ഉദാഹരണത്തിന് അഞ്ച് ബ്രിട്ടീഷ് പൌണ്ട് എത്ര ഇന്ത്യന്‍ രൂപയാണ് എന്നറിയണമെങ്കില്‍ ഗൂഗിള്‍ സെര്‍ച്ച് ബോക്സില്‍ '5 British Pounds in Indian Money' എന്ന് നല്‍കിയിട്ട് സെര്‍ച്ച് ചെയ്താല്‍ മതി നൊടിയിടയില്‍ ഉത്തരം മുന്‍പിലെത്തും.
സെര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട സൈറ്റ് മാത്രം മതിയെങ്കില്‍ സെര്‍ച്ച് ബോക്സിന് താഴെ കാണുന്ന 'I am Feeling Lucky' എന്ന സ്ഥാനത്ത് ക്ലിക്ക് ചെയ്യുക ഇതുകൊണ്ട് സമയം ലാഭിക്കാം. സെര്‍ച്ചിങ്ങിന്‍റെ കൂടുതല്‍ സാദ്ധ്യതകള്‍ അറിയാന്‍ 'www.google.com/help/basics.html/ സന്ദര്‍ശിക്കുക.
ഗൂഗിള്‍ ഇമേജ് സെര്‍ച്ച് :-
ഗൂഗിള്‍ ഹോംപേജില്‍ സെര്‍ച്ച് ബോക്സിന് മുകളില്‍ തന്നെ കാണാം ഇമേജുകളിലേക്കുള്ള ലിങ്ക്. ലോകമെങ്ങുമുള്ള ഇന്‍റര്‍നെറ്റിലെ 120 കോടിയിലധികം ചിത്രങ്ങളിലേക്കുള്ള പ്രവേശനമാണിത് വിലാസം 'www.images.google.com'
ഗൂഗിള്‍ ന്യൂസ്:-
മനുഷ്യരുടെ ഇടപെടല്‍ കൂടാതെ 4500ല്‍ അധികം വാര്‍ത്താസ്രോതസുകളില്‍ നിന്ന് അനുനിമിഷം സ്വയം നവീകരിക്കപ്പെടുന്ന ന്യൂസ് സര്‍വ്വീസ് ആണ് ഗൂഗിളിന്‍റേത്. ഇഷ്ടമുള്ള പ്രൊജക്‌ടുകള്‍ക്കായി ചെലവിടാവുന്ന 20 ശതമാനം സമയം ഉപയോഗിച്ച് ഗൂഗിളിലെ ഇന്ത്യക്കാരനായ കൃഷ്ണ ഭരത് എന്ന സോഫ്ട് വെയര്‍ എഞ്ചിനിയറാണ് ഗൂഗിള്‍ ന്യൂസ് രൂപപ്പെടുത്തിയത് 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണമാണ് വാര്‍ത്തകള്‍ എവിടെ നിന്നായാലും സ്വയം എത്തുന്ന തരത്തില്‍ ഉള്ള ഒരു സോഫ്റ്റ് വെയറിനെ പറ്റിയുള്ള ചിന്ത കൃഷ്ണ ഭരതിന്‍റെ മനസ്സിലുണര്‍ത്തിയത് വിലാസം news.google.com.
ജിമെയില്‍ :-
2004 ഏപ്രില്‍ ഒന്നിനാണ് ഗൂഗിള്‍ അതിന്‍റെ ഇമെയില്‍ സര്‍വ്വീസ് ആയ ജിമെയില്‍ (GMail) അവതരിപ്പിച്ചത്. ആദ്യം ഗൂഗിളിലുള്ളവരും അവരുടെ ബന്ധുക്കളുമാണ് പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചു തുടങ്ങിയത്. (മുമ്പ് ജിമെയില്‍ അക്കൌണ്ടുള്ള ഒരാള്‍ ക്ഷണിക്കണമായിരുന്നു. മറ്റൊരാള്‍ക്ക് അക്കൌണ്ട് തുറക്കാന്‍ ഇപ്പോള്‍ അതിന്‍റെ ആവശ്യമില്ല) മൈക്രോസോഫ്റ്റിന്‍റെ ഹോട്ട്മെയില്‍ വെറും രണ്ട് മെഗാബൈറ്റ് (MB) മാത്രം സൌജന്യസ്ഥലം അനുവദിച്ചിരുന്ന സമയത്ത് ആയിരം എം.ബി (1GB) സൌജന്യസ്ഥലം അനുവദിച്ചു കൊണ്ടാണ് ജിമെയില്‍ രംഗത്തെത്തിയത്, മാത്രമല്ല നിലവിലുണ്ടായിരുന്ന എല്ലാ ഇമെയില്‍ സര്‍വ്വീസുകളെയും പഴയ തലമുറയിലേക്ക് തള്ളി വിട്ടുകൊണ്ട് ലളിതവും അനായാസവുമായ ഒരു വെബ് ആശയവിനിമയ രീതി തന്നെ ജിമെയില്‍ നടപ്പിലാക്കി. സെര്‍ച്ചിങ്ങിന്‍റെ സാദ്ധ്യത എങ്ങിനെ ഇമെയില്‍ പോലുള്ള മേഖയിലും ഫലപ്രദമായി സന്നിവേശിപ്പിക്കാം എന്നതിന് ഉദാഹരണമാണ് ജിമെയില്‍ .
2001ലാണ് ജിമെയില്‍ രൂപപ്പെടുത്താന്‍ ഗൂഗിള്‍ ശ്രമമാരംഭിച്ചത്. പോള്‍ ബുച്ച് ഹെയിറ്റ് എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. അതിനു പിന്നില്‍ ലാറി പേജും സെര്‍ജി ബ്രിനും ഉള്‍പ്പെട വെറും ആറ് പേരാണ് ആദ്യം ജിമെയില്‍ ഉപയോഗിച്ചിരുന്നത്. ഇന്ന് ഏതാണ്ട് 7 ജിഗാബൈറ്റായി ജിമെയിലിന്‍റെ സംഭരണശേഷി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മാത്രമല്ല. ഗൂഗിള്‍ ടോക്ക്സ്, ഗൂഗിള്‍ വീഡിയോ ചാറ്റ് എന്നിവ കൂടി സന്നിവേശിപ്പിച്ച് ജിമെയിലിന്‍റെ മൂര്‍ച്ച കൂട്ടാനും ഗൂഗിളിനായി. വിലാസം gmail.com
ഗൂഗിള്‍ എര്‍ത്ത് :-
സാധാരണക്കാരെ പോലും പര്യവേഷകരാക്കി മാറ്റാന്‍ സഹായിക്കുന്ന വെബ്ബ് സര്‍വ്വീസ് ആണ് ഗൂഗിള്‍ എര്‍ത്ത്. ത്രിമാന വിര്‍ച്വല്‍ ഭൂഗോളമാണത്. ഭൂമുഖത്ത് എവിടെ വേണമെങ്കിലും പറന്നിറങ്ങാനും ഭൂമിയുടെ ഏത് കോണും സ്വന്തം കമ്പ്യൂട്ടറിലൂടെ സന്ദര്‍ശിക്കാനും സഹായിക്കുന്നു. ഈ സോഫ്‌റ്റ് വെയര്‍ ഇന്‍റര്‍നെറ്റിന്‍റെയും മള്‍ട്ടിമീഡിയയുടെയും സാദ്ധ്യതകള്‍ക്ക് ഏത് അതിരുവരെ പോകാമെന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്. കീഹോള്‍ (Keyhole) എന്ന കമ്പനിയാണ് ഗൂഗിള്‍ എര്‍ത്തിന്‍റെ പ്രാഥമിക രൂപം വികസിപ്പിച്ചത്. ആ കമ്പനി 2004ല്‍ ഗൂഗിള്‍ വിലക്കു വാങ്ങി. കീഹോളില്‍ പ്രവര്‍ത്തിച്ചിരുന്ന ചിക്കായി ഒഹാസാമയാണ് ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്തിന്‍റെ മേധാവി. ഉപഗ്രഹങ്ങള്‍ പകര്‍ത്തുന്ന ഭൂമിയുടെ ത്രിമാന മാപ്പുകള്‍ ഗൂഗിള്‍ എര്‍ത്തില്‍ സന്നിവേശിപ്പിച്ചാണ് അതുല്യമായ ഒരു അനുഭവമായി അതിനെ മാറ്റുന്നത്. ഗൂഗിള്‍ എര്‍ത്തിന്‍റെ വിലാസം earth.google.com
ഗൂഗിള്‍ ഡെസ്ക്ക്ടോപ്പ് :-
നെറ്റില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ എളുപ്പമാണ്. ഒരു മികച്ച സെര്‍ച്ച് എഞ്ചിന്‍റെ സേവനം തേടിയാല്‍ മതി, പക്ഷേ ആയിരക്കണക്കിന് ഫയലുകളും ചിത്രങ്ങളും പാട്ടുകളുമൊക്കെ  ശേഖരിച്ചു വെച്ചിട്ടുള്ള പേഴ്സണല്‍ കംപ്യൂട്ടറില്‍ നിന്ന് എങ്ങനെയൊരു വിവരം കണ്ടെത്തും, കൃത്യമായി ഫോള്‍ഡറുകളുണ്ടാക്കി ഫയല്‍ ചെയ്തിട്ടുള്ള പേഴ്സണല്‍ കമ്പ്യൂട്ടറില്‍ നിന്നുപോലും ഒരു ഫയല്‍ കണ്ടെത്തുക ശ്രമകരം. അതിന് പരിഹാരമായി ഒരു ഡെസ്ക്ക്ടോപ്പ് സെര്‍ച്ച് 2006ല്‍ പുറത്തിറക്കുമെന്ന് മൈക്രോസോഫ്റ്റ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റിന്‍റെതാകുമ്പോള്‍ അത് കാശ് കൊടുത്ത് വാങ്ങേണ്ടി വരുന്ന ഉത്പന്നമായിരിക്കും എന്നാല്‍ മൈക്രോസോഫ്റ്റിനെ നടുക്കിക്കൊണ്ട് 2004 ഒക്‌ടോബറില്‍ ഗൂഗിള്‍ ഡെസ്ക്ക്ടോപ്പ് പുറത്ത് വന്നു. തികച്ചും സൌജന്യം ഗൂഗിള്‍ സൈറ്റില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും നിമിഷം നേരം കൊണ്ട് ഡൌണ്‍ലോഡ് ചെയ്യാം. ഗൂഗിള്‍ ഉപയോഗിച്ച് എങ്ങിനെയാണോ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുന്നത് അതേ രീതിയില്‍ ഒരാള്‍ക്ക് സ്വന്തം കംപ്യൂട്ടറില്‍ വിവരങ്ങള്‍ കണ്ടെത്താം. വിലാസം : desktop.google.com.
ഗൂഗിള്‍ ബുക്ക് സെര്‍ച്ച് :-
ആദ്യം ഇത് 'ഗൂഗിള്‍ പ്രിന്‍റ്' എന്നാണ് അറിയപ്പെട്ടിരുന്നത് ഓണ്‍ലൈനിലുള്ള വിവരങ്ങള്‍ മാത്രമല്ല അല്ലാത്തവ കൂടി ഇന്‍റര്‍നെറ്റിന്‍റെ കുടക്കീഴിലെത്തിക്കാന്‍ ഗൂഗിള്‍ നടപ്പാക്കുന്ന ബൃഹദ്പദ്ധതിയാണിത്. ലോകത്ത് എല്ലാവിടെയും ഉള്ള ലൈബ്രറികളിലെ ലക്ഷകണക്കിന് പുസ്തകങ്ങള്‍ വെര്‍ച്വല്‍ രൂപത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതി. ബുക്കുകള്‍ക്കുള്ളില്‍ കടന്ന് സെര്‍ച്ച് ചെയ്യാന്‍ കഴിയുന്ന സംവിധാനം. ലൈബ്രറികളുടെ ബൌദ്ധിക, ഭൂമിശാത്ര പരിമിതകളെ ഗൂഗിള്‍ ബുക്ക് സെര്‍ച്ച് മായ്ച്ചു കളയുന്നു. സ്റ്റാന്‍ഫഡ്, ഹവാര്‍ഡ്, മിഷിഗണ്‍ , ഓക്സ്ഫെഡ് സര്‍വ്വകലാശാലകളിലെ ലക്ഷകണക്കിന് ലൈബ്രറി പുസ്തകങ്ങളും, ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയും വിര്‍ച്വല്‍ രൂപത്തിലാക്കാനുള്ള ശ്രമമാണ് ഗൂഗിള്‍ ആദ്യം തുടങ്ങിയത്. ഇപ്പോള്‍ ദിവസവും 3000 പുസ്തകങ്ങള്‍ വീതമാണ് ഗൂഗിള്‍ സ്കാന്‍ ചെയ്യുന്നത്. അതനുസരിച്ച് പ്രതിവര്‍ഷം പത്ത് ലക്ഷം പുസ്തകങ്ങള്‍ വീതം ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ഗൂഗിളിനാകും. വിലാസം books.google.com
ബ്ലോഗര്‍ ഡോട്ട് കോം :-
വെബ്ബില്‍ ആത്മപ്രകാശനം നടത്താന്‍ വ്യക്തികളെ പ്രാപ്തമാക്കുന്നതാണ് ബ്ലോഗിങ്ങ്. ആര്‍ക്കും പ്രസാധകനും എഴുത്തുകാരനും എഡിറ്ററും ആകാം. സൌജന്യമായി ബ്ലോഗ് തുടങ്ങുവാനുള്ള അവസരമൊരുക്കുന്നു ഗൂഗിളിന് കീഴിയുള്ള ബ്ലോഗര്‍ ഡോട്ട് കോം. 'പൈറ ലാബ്സ്' എന്ന കമ്പനിയുടേയതായിരുന്നു ഈ സര്‍വ്വീസ്. ബ്ലോഗിങ്ങിന്‍റെ സാദ്ധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ ഗൂഗിള്‍ 2003 ഫെബ്രുവരിയില്‍ ആ കമ്പനി വിലക്ക് വാങ്ങി. ഇന്ന് ഈ മേഖലയില്‍ ഏറ്റവും ലളിതവും ജനപ്രിയമായതുമായ സര്‍വ്വീസ് ആണ് ബ്ലോഗര്‍ . ആഡ്സെന്‍സിന്‍റെ സഹായത്തോടെ ബ്ലോഗറില്‍ നിന്ന് ലക്ഷകണക്കിന് ഡോളര്‍ വരുമാനവും ഗൂഗിള്‍ നേടുന്നു. വിലാസം: blogger.com
യൂട്യൂബ്:-
ടെക്സ്റ്റുകളും ചിത്രങ്ങളും ഉപയോഗിച്ച് മാത്രമല്ല വീഡിയോ കൊണ്ടും ബ്ലോഗിംഗ് സാദ്ധ്യമാകുമെന്ന് ലോകത്തിന് ബോദ്ധ്യപ്പെടുത്തി കൊടുത്ത ഇന്‍റര്‍നെറ്റ് സംരഭമാണ് യൂട്യൂബ് (YouTube) നിലവില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അസാധാരണമായി ജനപ്രീതിയാര്‍ജ്ജിച്ച ആ സര്‍വ്വീസ്, സാധാരണക്കാര്‍ക്കു പോലും സംപ്രേക്ഷകരാകാന്‍ അവസരമൊരുക്കുന്നു. 165 കോടി ഡോളര്‍ (7425 കോടി രൂപ) നല്‍കിയാണ് ഗൂഗിള്‍ യൂട്യൂബിനെ സ്വന്തമാക്കിയത്. വിലാസം youtube.com
ഓര്‍ക്കുട്ട് :-
ലക്ഷകണക്കിന് ആളുകള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാനും സൌഹൃദവും ആശയങ്ങളും പങ്കുവെക്കാനുമുള്ള സോഷ്യല്‍ കമ്മ്യൂണിറ്റി ശൃഖലയാണ് 'ഓര്‍ക്കുട്ട്' ഇതിന് രൂപം നല്‍കിയ ഗൂഗിളിലെ തുര്‍ക്കിക്കാരനായ എഞ്ചിനീയര്‍ ഓര്‍ക്കുട് ബുയുക്കോക്റ്റെന്‍റെ പേരിലാണ് ഈ നെറ്റ് വര്‍ക്ക് അറിയപ്പെടുന്നത്. ഗൂഗിളില്‍ ഇഷ്ടപ്പെട്ട പ്രോജക്‌ടില്‍ ജോലി ചെയ്യാവുന്ന 20 ശതമാനം സമയമുപയോഗിച്ചാണ് ബുയുക്കോക്റ്റെന്‍ ഈ സര്‍വ്വീസ് രൂപ്പെടുത്തിയത്. മുന്‍പ് ജോലി നോക്കിയിരുന്ന 'അഫിനിറ്റി എഞ്ചിന്‍സ്' എന്ന സ്ഥാപനത്തില്‍ വെച്ച് യൂണിവേഴ്സിറ്റി അലുമിനി ഗ്രൂപ്പുകള്‍ക്കായി 'ഇന്‍സര്‍ക്കിള്‍ ' (InCircle) എന്നൊരു സോഫ്റ്റ് വെയര്‍ ബുയുക്കോക്റ്റെന്‍ രൂപപ്പെടുത്തിയിരുന്നു. അതിന്‍റെ ചുവട് പിടിച്ചാണ് 'ഓര്‍ക്കുട്ട്' വികസിപ്പിച്ചത്. 2004 ജനുവരി 22ന് യാതൊരു കോലാഹലവുമില്ലാതെ വെബ്ബില്‍ പ്രത്യക്ഷപ്പെട്ട ഈ നെറ്റ് വര്‍ക്കിലെ അംഗസംഖ്യ 2004 ജൂലായ് ആയപ്പോഴേക്കും പത്ത് ലക്ഷം കടന്നു. 2010 ഒക്‌ടോബറിലെ കണക്ക് പ്രകാരം 100 മില്യണില്‍ മേലെ ഉപഭോക്താക്കള്‍ ഇന്ന് ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. അതില്‍ 48 ശതമാനം ബ്രസീലില്‍ നിന്നും, 39.2 ശതമാനം ഇന്ത്യയില്‍ നിന്നും, 2.2  ശതമാനം അമേരിക്കയില്‍ നിന്നുമാണ്. വിലാസം : orkut.com
ഗൂഗിള്‍ ബ്ലോഗ് സെര്‍ച്ച് :-
ഇന്‍റര്‍നെറ്റില്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്ന ലക്ഷകണക്കിന് ബ്ലോഗുകളിലേക്ക് ആവശ്യക്കാര്‍ക്ക് എത്താനുള്ള കുറുക്ക് വഴിയാണ് 'ഗൂഗിള്‍ ബ്ലോഗ് സെര്‍ച്ച്'. വിലാസം : blogsearch.google.com
ഗൂഗിള്‍ പേറ്റന്‍റ് സെര്‍ച്ച് :-
70 ലക്ഷത്തിലധികം പേറ്റന്‍റുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രഹത്തായ മറ്റൊരു ഡേറ്റാബേസ് ആണിത്. കണ്ടുപിടുത്തങ്ങളുടെ അത്ഭുത ലോകത്തേക്കും അവയുടെ വിശദാംശങ്ങളിലേക്കും ഒരാള്‍ക്ക് ഈ സര്‍വ്വീസ് വഴി എളുപ്പത്തില്‍ പ്രവേശിക്കാനാകും. വിലാസം : google.com/patents.
ഗൂഗിള്‍ സ്കോളര്‍ :-
ഒരു ഗവേഷകനെ സംബന്ധിച്ചിടത്തോളം ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ നിന്ന് ലഭിക്കുന്ന സാധാരണ വിവരങ്ങള്‍ അയാളുടെ ഗവേഷണത്തെ അത്രയധികം സഹായിച്ചെന്നു വരില്ല ആ പരിമിതി മറികടക്കാനുള്ളതാണ് 'ഗൂഗിള്‍ സ്കോളര്‍ ' ലക്ഷകണക്കിന് ഗവേഷണ പ്രബന്ധങ്ങളാണ്. ഗൂഗിള്‍ സ്കോളറില്‍ ഗവേഷകരെ കാത്തിരിക്കുന്നത്. വിലാസം : scholar.google.com
ഗൂഗിള്‍ മാപ്പ്സ് :-
ഭൂപടങ്ങള്‍ അനായാസം കണ്ടെത്താനും ഡൌണ്‍ലോഡ് ചെയ്യാനും ഉദ്ദേശിച്ച് രൂപപ്പെടുത്തിയ സര്‍വ്വീസ് ആണിത്. വിലാസം : maps.google.com
പിക്കാസ :-
ചിത്രങ്ങള്‍ ശേഖരിക്കാനും എഡിറ്റ് ചെയ്യാനും ഇമെയില്‍ ചെയ്യാനുമൊക്കെ സഹായിക്കുന്ന സൌജന്യ സോഫ്റ്റ് വെയര്‍ ആണിത്. picasa.google.com എന്ന വെബ് വിലാസത്തില്‍ നിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.
സ്കെച്ച് അപ് :-
ദ്വിമാന ചിത്രങ്ങളാണല്ലോ നമുക്ക് കൂടുതല്‍ പരിചയം. വീടുകളുടെയും കെട്ടിങ്ങളുടെയും മറ്റും ദ്വിമാന ചിത്രങ്ങള്‍ ഉപയോഗിച്ച് അനായാസമായി ത്രിമാന ചിത്രങ്ങള്‍ രൂപ്പെടുത്താന്‍ സഹായിക്കുന്ന ഗൂഗിളിന്‍റെ 'സ്കെച്ച് അപ്' എന്ന സോഫ്റ്റ് വെയര്‍ . സൌജന്യരൂപവും ഉണ്ട് കാശ് നല്‍കി വാങ്ങാവുന്ന മുന്തിയ വകഭേദവുമുണ്ട്. വിലാസം : sketchup.google.com
ഗൂഗിള്‍ ടോക്ക് :-
വിന്‍ഡോസ്, യാഹു മെസഞ്ചറിന് സമാനമായ സോഫ്റ്റ് വെയര്‍ ആണിത് ഇന്‍റര്‍നെറ്റ് വഴി എളുപത്തില്‍ സന്ദേശങ്ങള്‍ കൈമാറാനും സംസാരിക്കാനും മള്‍ട്ടീമിഡിയ ഫയലുകള്‍ കൈമാറാനും ഈ സോഫ്റ്റ് വെയര്‍ നമ്മെ സഹായിക്കും. google.com/talk എന്ന വെബ് വിലാസത്തില്‍ നിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.
ഗൂഗിള്‍ മലയാളം :-
ലോകത്തുള്ള ഡസന്‍കണക്കിന് (ഒട്ടുമിക്ക) ഭാഷകളിലും സെര്‍ച്ചിങ്ങ് നടത്താന്‍ ഗൂഗിള്‍ സൌകര്യം ഒരുക്കുന്നു. ഗൂഗിളിന്‍റെ മലയാളം വകഭേദത്തിലെത്താന്‍ google.com/intl/ml/ എന്നതാണ് വിലാസം.

ഗൂഗിള്‍ പണം കായ്ക്കുന്ന മരം

ആധുനിക സമൂഹത്തില്‍ ഇന്‍റര്‍നെറ്റ് എത്രമാത്രം സ്ഥാനം നേടിയിരിക്കുന്നു എന്നറിയാന്‍ ഗൂഗിള്‍ നേടിയ പണത്തിന്‍റെ കണക്ക് നോക്കിയാല്‍ മതി. 1995ല്‍ ഗൂഗിളിന്‍റെ ആകെ വരുമാനം 610 കോടി ഡോളറും (27450 കോടി രൂപ) ലാഭം 150 കോടി ഡോളറും (6750 കോടി രൂപ) ആയിരുന്നു. 2000 മാണ്ട് വരെ ഒരു ഡോളര്‍ പോലും വരുമാനമില്ലാതിരുന്ന കമ്പനിയായിരുന്നു ഗൂഗിള്‍ എന്നോര്‍ക്കുക. ഇത്ര കുറഞ്ഞ സമയം കൊണ്ട് അതും ഒരു വായ്പയെടുക്കാതെ ഒരു പരസ്യവും നല്‍കാതെ ഇത്രയും വരുമാനമുണ്ടാക്കിയ കമ്പനി ലോകത്ത് വേറെ കാണില്ല. 2006 രണ്ടാംപകുതിയിലെ കണക്കുകള്‍ പ്രകാരം പരസ്യത്തില്‍ നിന്നുള്ള ഗൂഗിളിന്‍റെ വരുമാനം (ഗൂഗിളിന് വേറെ വരുമാന മാര്‍ഗ്ഗമില്ല) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. ഗൂഗിളിന്‍റെ ആകെ വരവില്‍ പകുതി ലഭിക്കുന്നത് ഗൂഗിള്‍ ഡോട്ട് കോംമില്‍ നിന്നും അനുബന്ധ സേവനങ്ങളില്‍ നിന്നുമാണ് ബാക്കി പകുതി ഗൂഗിള്‍ പരസ്യങ്ങളുടെ സേവനം ഉപയോഗിക്കുന്ന ലക്ഷണക്കിന് മറ്റു സൈറ്റുകളില്‍ നിന്നും.
1999ലെ ബാലന്‍സ് ഷീറ്റ് പ്രകാരം ഗൂഗിളിന്‍റെ വരുമാനം വെറും 2.2 ലക്ഷം ഡോളറും ചിലവ് 67 ലക്ഷം ഡോളറും ആയിരുന്നു. 2000ല്‍ വരവ് 191 ലക്ഷം ഡോളറും ചിലവ് 338 ലക്ഷം ഡോളറുമായി നഷ്ടം 147 ലക്ഷം ഡോളര്‍, 2001ല്‍ കമ്പനി ആദ്യമായി ലാഭത്തിലായി 70 ലക്ഷം ഡോളര്‍ പിന്നെ ഗൂഗിളിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒരു പബ്ലിക്ക് ലിമിറ്റഡ് കമ്പനിയാകാന്‍ വേണ്ടി 2004 ആഗസ്റ്റ് 19നാണ് ഗൂഗിള്‍ ആദ്യ ഓഹരി വില്‍പ്പന (IPO) നടത്തിയത്. ലോക ഓഹരി കമ്പോളത്തിന്‍റെ നട്ടെല്ലായ വാള്‍ട്രീറ്റിലെ പരമ്പരാഗത രീതികളെ വെല്ലുവിളിച്ചു കൊണ്ട് പുതിയൊരു രീതിയിലാണ് ഗൂഗിള്‍ അത് ചെയ്തത്. പ്രാഥമിക വില്‍പ്പനയില്‍ ഗൂഗിളിന്‍റെ ഓഹരിക്ക് 85 ഡോളര്‍ (3825 രൂപ) ആയിരുന്നു വില. 2005 ജൂലായ് 21 ആയപ്പോഴേക്കും ഗൂഗിളിന്‍റെ ഓഹരിക്ക് 317.80 ഡോളര്‍ (14301 രൂപ) ആയി വില.
ആദ്യ ഓഹരി വില്‍പ്പന കഴിഞ്ഞ് കൃത്യം ഒരു വര്‍ഷം തികഞ്ഞപ്പോള്‍ ഗൂഗിളിന്‍റെ സ്ഥാപകരായ ലാറിപേജിന്‍റെയും, സെര്‍ജി ബ്രിനിന്‍റെയും ആസ്തി 1000 കോടി ഡോളര്‍ വീതമായി, 2006 മെയ് 11ന് ഗൂഗിള്‍ ഓഹരിയുടെ വില 387 ഡോളര്‍ (17,415 രൂപ) ആണ് അതനുസരിച്ച് ലാറിയുടെയും സെര്‍ജിയുടെയും ആസ്തി ഒരുമിച്ചു കൂട്ടിയാല്‍ 2500 കോടി ഡോളര്‍ വരും, ഓഹരി മൂല്യമനുസരിച്ച് അമേരിക്കന്‍ കമ്പനികളുടെ പട്ടികയിലെ ഏറ്റവും മുന്‍നിരയിലാണ് ഗൂഗിളിന്‍റെ സ്ഥാനം.
ഭാവനയും അദ്ധ്വാനശേഷിയുമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ഗൂഗിളിലൂടെ നിങ്ങള്‍ക്കും പണമുണ്ടാക്കാം. ഒരു വെബ് സൈറ്റ് തുടങ്ങിയാല്‍ മതി, ബ്ലോഗ് സൈറ്റായാലും കുഴപ്പമില്ല (പക്ഷേ മലയാളത്തില്‍ ഇത് പറ്റില്ല കാരണം ഇംഗ്ലീഷ് പോലുള്ള ചുരുക്കം ചില ഭാഷകളെയേ ആഡ്സെന്‍സ് പിന്തുണക്കുന്നുള്ളൂ) ആ സൈറ്റില്‍ ഗൂഗിളിന്‍റെ ആഡ്സെന്‍സിന്‍റെ സേവനം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മതി. നിങ്ങളുടെ വെബ്ബ്സൈറ്റിന്‍റെ ഉള്ളടക്കം ഗൂഗിളിന്‍റെ സെര്‍വ്വറുകള്‍ ഓട്ടോമാറ്റിക്കായി മനസ്സിലാക്കി, ആ ഉള്ളടക്കത്തിന് അനുയോജ്യമായ പരസ്യങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഗൂഗിള്‍ ഫിറ്റ് ചെയ്യും, സൈറ്റ് സന്ദര്‍ശിക്കുന്ന ആരെങ്കിലും ഗൂഗിള്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ അതില്‍ നിന്നുള്ള പണത്തിന്‍റെ ഒരു വിഹിതം നിങ്ങള്‍ക്കുള്ളതാണ്. അത് ചെക്കായി ഗൂഗിള്‍ നിങ്ങള്‍ക്ക് കൃത്യമായി അയച്ചു തരും പക്ഷേ ഇത് എത്ര ശതമാനമാണെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.
വെറുതേ സൈറ്റ് നിര്‍മ്മിച്ച് ആഡ്സെന്‍സിന്‍റെ സേവനം തേടിയിട്ട് കാര്യമില്ല. നിങ്ങളുടെ സൈറ്റ് ആളുകള്‍ സന്ദര്‍ശിക്കണം അതിന് സൈറ്റ് സജീവമായി നിലനിര്‍ത്തുകയും തുടര്‍ച്ചയായി നവീകരിക്കുകയും വേണം. തുടര്‍ച്ചയായ അധ്വാനം കൂടിയേ തീരു എന്ന് സാരം. അമേരിക്കയില്‍ വന്‍കിട സ്ഥാപനങ്ങളിലെ ജോലി രാജി വെച്ചിട്ട് ഗൂഗിളിന്‍റെ സഹായത്തോടെ സ്വന്തം ബ്ലോഗ് കൊണ്ട് ഇഷ്ടംപോലെ പണമുണ്ടാക്കുന്ന പ്രവണത ഏറി വരുന്നതിനെക്കുറിച്ച് മുന്‍പ് എക്കണോമിസ്റ്റ് വാരിക ഒരു ലേഖനം തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

ഗൂഗിള്‍ (വാക്കുകള്‍ ലേലം ചെയ്യുന്നു.)

തികച്ചും സൌജന്യമായി ഗൂഗിള്‍ ഉപയോഗിക്കുന്നവരാണ് സാധാരണ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ ഗൂഗിളിന്‍റെ ഹോംപേജിന്‍റെ അഗാധതയ്ക്കുള്ളില്‍ പണംമുണ്ടാക്കാന്‍ ഏതെങ്കിലുമൊരു മാര്‍ഗ്ഗം ഒളിഞ്ഞിരിക്കുന്നു എന്ന് മിക്കവരും കരുതാറില്ല. പക്ഷേ സത്യം അതല്ല. 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു ആഗോള കമ്പോളമാണ് ഗൂഗിള്‍ നിര്‍ത്താതെ പണം പ്രവഹിക്കുന്ന ഒന്ന്. ക്രിയാത്മകമായ ഒരു പുത്തന്‍ ഓണ്‍ലൈന്‍ ബിസിനസ്സ് തന്ത്രം സെര്‍ച്ചിങ്ങിന്‍റെ മാന്ത്രികച്ചെപ്പിനുള്ളില്‍ ഒളിപ്പിച്ചു വെച്ചാണ് ഗൂഗിള്‍ ഇതുസാധിക്കുന്നത്. നിങ്ങള്‍ ഓരോ തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോഴും ഗൂഗിളിന്‍റെ വരുമാനം വര്‍ദ്ധിക്കുകയാണ്.
'വാക്കിന് വില വേണം' എന്നത് ഒരു ഭാഷാ പ്രയോഗമാണ്. ഈ പ്രയോഗത്തില്‍ കവിഞ്ഞ് വാക്കുകള്‍ക്ക് എന്തെങ്കിലും വില ഉണ്ടെന്ന് പലരും കരുതുന്നില്ല. പക്ഷേ ഗൂഗിളിന്‍റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. വാക്കുകള്‍ക്കാണ് വില. ലോകത്തെങ്ങുമുള്ള ഗൂഗിള്‍ ഉപഭോക്താക്കള്‍ സെര്‍ച്ചിങ്ങിനുപയോഗിക്കുന്ന നൂറുകണക്കിന് വാക്കുകള്‍ അണിയറയില്‍ ലേലം ചെയ്ത് വില്‍ക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. ഒരു പ്രത്യേക വാക്കുപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് നടത്തുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഫലങ്ങള്‍ക്കൊപ്പം വലതുവശത്തായി 'സ്പോണ്‍സേര്‍ഡ് ലിങ്ക്സ്' എന്ന പേരിലുള്ള ഫലങ്ങളും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്നത് കണ്ടിട്ടില്ലേ. നിങ്ങള്‍ സേര്‍ച്ച് ചെയ്യാനുപയോഗിച്ച വാക്കുകളുമായി ബന്ധമുള്ളവയായിരിക്കും ആ സ്പോണ്‍സേര്‍ഡ് ലിങ്ക്സ് അവ പരസ്യങ്ങളാണ്. നിങ്ങള്‍ സെര്‍ച്ചിങ്ങിനുപയോഗിച്ച വാക്കുകള്‍ ഗൂഗിളില്‍ നിന്ന് ഓണ്‍ലൈന്‍ ലേലത്തിലൂടെ വാങ്ങിയ കമ്പനികളുടെ പരസ്യങ്ങള്‍ . ഒരു വാക്ക് കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്യാനുപയോഗിക്കുമ്പോള്‍ ആ വാക്കിന് ലേലത്തില്‍ വില വര്‍ദ്ധിക്കുന്നു. ആ വാക്കുകളെ ലേലം ചെ്യത് വിറ്റ് കാശാക്കാം എന്ന് ആദ്യമായി തെളിയിച്ചത് ഒരു പക്ഷേ ഗൂഗിള്‍ ആയിരിക്കാം.
ആഡ് വേഡ്സ് (AdWords) എന്ന സര്‍വ്വീസ് വഴിയാണ് ഗൂഗിള്‍ ഇടതടവില്ലാതെ വാക്കുകള്‍ ലേലം ചെയ്ത് വില്‍ക്കുന്നത്. ഗൂഗിളിന്‍റെ അണിയറയില്‍ ഇത്തരമൊരു സംഗതി നടക്കുന്നു. എന്ന കാര്യം ഗൂഗിള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കറിയില്ല. ഗൂഗിളില്‍ പ്രത്യക്ഷപ്പെടുന്ന പതിനായിരക്കണക്കിന് പരസ്യങ്ങള്‍ക്ക് ന്യായമായ പ്രതിഫലം ഗൂഗിള്‍ ഈ ലേലത്തിലൂടെ നേടുന്നു. വലിയ ബിസിനസ്സുകാര്‍ക്ക് മാത്രമല്ല. ചെറുകിട കമ്പനികള്‍ക്കും വാക്കുകള്‍ ലേലത്തില്‍ പിടിക്കാം. പക്ഷേ വലിയ വിലക്ക് ലേലത്തില്‍ പിടിച്ചു എന്നു കരുതി ഒരു പരസ്യം സെര്‍ച്ച് ഫലങ്ങള്‍ക്കൊപ്പം ഒന്നാമത് വന്നു കൊള്ളണമെന്നില്ല. പരസ്യങ്ങളുടെ കാര്യത്തിലും 'പേജ് റാങ്കിങ്ങ്' ഗൂഗിള്‍ ഉപയോഗിക്കുന്നു, എന്നുവെച്ചാല്‍ പരസ്യത്തിന്‍റെ ജനപ്രീതി കൂടി കണക്കിലെടുത്തേ അത് ആദ്യമെത്തുമോ എന്ന് തീരുമാനിക്കപ്പെടൂ.
'ഡിജിറ്റല്‍ ക്യാമറ' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയാണെന്നിരിക്കട്ടെ സ്വാഭാവികമായും സെര്‍ച്ച് ഫലങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ ക്യാമറയുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ , സ്പോണ്‍സേര്‍ഡ് ലിങ്ക്സ് എന്ന പേരില്‍ സ്ക്രീനില്‍ എത്തും സെര്‍ച്ച് ചെയ്യുന്നയാള്‍ സ്പോണ്‍സേര്‍ഡ് ലിങ്കില്‍ ഏതെങ്കിലും ക്ലിക്ക് ചെയ്താല്‍ ആ പരസ്യം ഏത് സ്ഥാപനത്തിന്‍റേതാണോ ആ സ്ഥാപനത്തിന്‍റെ എക്കൌണ്ടില്‍ നിന്ന് ഒരു നിശ്ചിത തുക ഗൂഗിളിന്‍റെ എക്കൌണ്ടില്‍ എത്തും. ഉദാഹരണത്തിന് ആസ്ബറ്റോസ് മൂലമുണ്ടാകുന്ന ഒരിനം അര്‍ബുദമാണ് 'mesothelioma' ആസ്ബറ്റോസ് കമ്പനികളില്‍ നിന്ന് കോടികള്‍ നഷ്ടപരിഹാരം നേടാനുള്ള വഴിയാണ് ഈ രോഗം തുറന്ന് തരുന്നത്. അതിനാല്‍ ഈ വാക്കിനായി വന്‍കിട നിയമ കമ്പനികളും അഭിഭാഷകരും എത്ര പണം വേണമെങ്കിലും ലേലത്തില്‍ നല്‍കാന്‍ തയ്യാറാണ്.
30 ഡോളര്‍ (1350 രൂപ) ആണ് ഈ വാക്കിനുള്ള ഗൂഗിളിന്‍റെ ക്ലിക്ക് വില. ഗൂഗിളില്‍ ഏറ്റവും വിലയേറിയ വാക്കുകളിലൊന്നാണിത്. ഓരോ ക്ലിക്കും ഇങ്ങിനെ ഗൂഗിളിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. ജി-മെയിലിലും, യൂട്യൂബിലും, ഓര്‍ക്കുട്ടിന്‍റെ കമ്മ്യൂണിറ്റി പേജിലുമൊക്കെ ഇത്തരം സ്പോണ്‍സേര്‍ഡ് ലിങ്കുകള്‍ സന്നിവേശിപ്പിക്കുക വഴി പണത്തിനുള്ള പുതിയ വഴികള്‍ ഗൂഗിള്‍ തുറക്കുകയാണ്. ഇതുമുഴുവന്‍ ഗൂഗിളിന്‍റെ അതിഭീമമായ കംപ്യൂട്ടര്‍ ശേഷി ഉപയോഗിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്.

Friday, November 5, 2010

ഗൂഗിള്‍ തിന്മ ചെയ്യാതെ പണമുണ്ടാക്കാനുള്ള വഴി

ഗൂഗിളിന്‍റെ ഹോംപേജിന്‍റെ അത്ര ലളിതമായ ഒരു സ്ഥലം നെറ്റില്‍ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. വെള്ള പ്രതലത്തില്‍ അടിസ്ഥാന വര്‍ണ്ണങ്ങളിലുള്ള ലോഗോയോടെ ഗൂഗിളിന്‍റെ ഹോം പേജ് അങ്ങനെ രൂപകല്‍പ്പന ചെയ്തത് സെര്‍ജി ബ്രിന്‍ ആണ്. സെര്‍ച്ച് ചെയ്യാനെത്തുന്നവര്‍ക്ക് മാത്രം സ്ഥാനമുള്ളതെന്ന് തോന്നിക്കുന്ന ഒരിടം. ഇന്‍റര്‍നെറ്റിലെ ഏറ്റവും മൂല്യമേറിയ റിയല്‍ എസ്റ്റേറ്റാണ് ഗൂഗിള്‍ ഹോംപേജ്, ആ പേജില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു സ്ഥാപനവും ലോകത്ത് ഉണ്ടാവില്ല. പക്ഷേ തങ്ങളുടെ ഹോംപേജ് പണത്തിനായി ഉപയോഗിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. ഗൂഗിളിന്‍റെ പ്രഖ്യാപിത മുദ്രവാക്യത്തെ സാധൂകരിക്കുന്നു ഈ നിലപാട്. 'തിന്മ അരുത് (Don't be evil)' എന്നതാണ് ഗൂഗിളിന്‍റെ പ്രമാണ വാക്യം മാത്രമല്ല സെര്‍ച്ച് ഉള്‍പ്പെടെ ഗൂഗിളിന്‍റെ ഭൂരിപക്ഷം സര്‍വ്വീസുകളും സൌജന്യമാണ്, ആരും പണം കൊടുത്ത് ഗൂഗിള്‍ ഉപയോഗിക്കേണ്ടതില്ല. ആ നിലക്ക് ഗൂഗിള്‍ എങ്ങിനെ പണമുണ്ടാക്കുന്നു എന്നത് പലര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. വെറുതേ പണമുണ്ടാകില്ലല്ലോ. ഒന്നുമില്ലായിമയില്‍ നിന്ന് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കോടി ഡോളര്‍ കമ്പനിയായി മാറാന്‍ പണം കൊയ്താലെ കഴിയൂ. ശരിക്കു പറഞ്ഞാല്‍ ഗൂഗിള്‍ അതാണ് ചെയ്യുന്നത് 'തിന്മയരുത്' എന്ന മുദ്രാവാക്യം മുറുകെ പിടിച്ചു കൊണ്ട് തന്നെ ലാറിയും സെര്‍ജിയും ഇന്ന് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ കൂട്ടത്തിലാണ്.
ഗൂഗിള്‍ പണമുണ്ടാക്കാന്‍ തുടങ്ങുന്നത് 2000 ലാണ്. സെര്‍ച്ചില്‍ നിന്ന് എങ്ങനെ കാശുണ്ടാക്കാം എന്നതിന് ഒരു മാതൃക കണ്ടെത്തുകയാണ് ഗൂഗിള്‍ ചെയ്തത്. കമ്പനിയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ മുന്നേറ്റമായിരുന്നു അത്. BsTs.esl എന്ന കമ്പനി (പിന്നീടത് ഓവര്‍ടൂര്‍ എന്ന് പേര് മാറ്റി യാഹു അതിനെ വിലക്ക് വാങ്ങുകയും ചെയ്തു) തുടങ്ങി വെച്ച പരസ്യമാതൃകയാണ് തങ്ങളുടെ സെര്‍ച്ച് എഞ്ചിന്‍റെ സാദ്ധ്യതയുപയോഗിച്ച് ഗൂഗിള്‍ വിപുലീകരിച്ചത്. സെര്‍ച്ച് ഫലങ്ങള്‍ക്കൊപ്പം സ്പോണ്‍സേര്‍ഡ് ലിങ്ക്സ് എന്ന പേരില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രീതിയാണത്. സെര്‍ച്ച് ചെയ്യുന്ന വിഷയം എന്താണോ അതിനുസരിച്ചുള്ള സ്പോണ്‍സേര്‍ഡ് ലിങ്കായിരിക്കും സ്ക്രീനിന്‍റെ വലത് വശത്ത് പ്രത്യക്ഷപ്പെടുക, പരസ്യം അതിന്‍റെ ഏറ്റവും നിര്‍ണ്ണായകമായ വേളയില്‍ (ഒരാള്‍ വിവരം തേടിയെത്തുന്ന സമയത്ത്) മുന്നിലെത്തിക്കുകയാണ് ഇതിലൂടെ സംഭവിക്കുക. ആരെങ്കിലും പരസ്യ ലിങ്കുകളില്‍ ക്ലിക്കു ചെയ്താല്‍ പരസ്യം നല്‍കിയ സ്ഥാപനം ഗൂഗിളിന് ഒരു നിശ്ചിത സംഖ്യ കൊടുക്കുണം അങ്ങനെ സ്പോണ്‍സേര്‍ഡ് ലിങ്കുകളിലെ ഓരോ ക്ലിക്കും ഗൂഗിളിന്‍റെ എക്കൌണ്ടിലേക്ക് പണമായി എത്തുന്നു. സെര്‍ച്ച് ചെയ്യുന്നയാള്‍ ക്ലിക്കു ചെയ്താല്‍ മാത്രം കാശു കൊടുത്താല്‍ മതി എന്നതിനാല്‍ കമ്പനികള്‍ക്കും ഇതാണ് നല്ലത്, മാത്രമല്ല ആഡ്സെന്‍സ് (AdSense) എന്ന പേരിലുള്ള ഗൂഗിളിന്‍റെ സേവനം സ്വന്തമായി വെബ്ബ്സൈറ്റോ, ബ്ലോഗോ ഉള്ള ആര്‍ക്കും പ്രയോജനപ്പെടുത്താം. എന്താണ് സംഭവിക്കുന്നതെന്ന് പ്രതിയോഗികള്‍ മനസ്സിലാക്കുമ്പോഴേക്കും ആയിരക്കണക്കിന് കമ്പനികളുമായി ഗൂഗിള്‍ സ്ഥാപകര്‍ പരസ്യദാതാക്കളെന്ന നിലയില്‍ കാര്‍ ഒപ്പു വെച്ച് കഴിഞ്ഞിരുന്നു. അങ്ങനെ ഗൂഗിള്‍ ലോകത്തിലെ ഏറ്റവും വലിയ പരസ്യദാതാവുകൂടിയായി.
ഗൂഗിളില്‍ സേര്‍ച്ചു ചെയ്യപ്പെടുന്ന വാക്കുകള്‍ക്കൊപ്പം തങ്ങളുടെ പരസ്യം പ്രത്യക്ഷപ്പെടാന്‍ ഏത് കമ്പനിക്കും ഗൂഗിളിന്‍റെ ലേലത്തില്‍ പങ്ക് ചേരാം. ആഡ് വേര്‍ഡ്സ് (AdWords) എന്ന പേരിലാണ് ഈ സേവനം അറിയപ്പെടുന്നത്. ആഡ് വേര്‍ഡും, ആഡ് സെന്‍സും കൂടി 2005ല്‍ മാത്രം ഗൂഗിളിന് നേടിക്കൊടുത്ത വരുമാനം 610 കോടി ഡോളര്‍ (27450 കോടി രൂപ) ആണ് ഇന്‍റര്‍നെറ്റ് യുഗത്തിന് ചേര്‍ന്ന പുതിയൊരു ബിസിനസ്സ് മാതൃകയാണ് ഗൂഗിള്‍ നടപ്പാക്കിയത്.

ഗൂഗിളിന്‍റെ സാരഥികള്‍

സാങ്കേതിക വിദ്യയുടെയോ ബിസിനസ്സിന്‍റെയോ രംഗത്ത് ഇത്തരമൊരു ചങ്ങാത്തം കണ്ടെത്തുക പ്രയാസം 1995ല്‍ സ്റ്റാന്‍ഫഡില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് സെര്‍ജി ബ്രിനും ലാറി പേജും ആദ്യമായി പരസ്പരം പരിചയപ്പെട്ടത് ക്രിയാത്മകതയുടെയും ബൌദ്ധികതയുടെയും എന്തോ ഒരു രസതന്ത്രം ഇരുവരെയും ആകര്‍ഷിച്ചു ശക്തമായി അടുപ്പിച്ചു അത് ഗൂഗിളിന് പിറവി നല്‍കി ലോകത്തെ കൂടുതല്‍ നല്ല സ്ഥലമാക്കി  മാറ്റി ആ അടുപ്പം ഇപ്പോഴും തുടരുന്നു. സമാനതകളില്ലാതെ, ഗൂഗിളിന്‍റെ ഓരോ മുന്നേറ്റത്തിലും ഈ ഇവരുടെ കൈമുദ്ര കാണാനാകും പുതുമ നശിക്കാതെ ഗുഗിളിനെ മുന്നോട്ടു നയിക്കുമ്പോള്‍ തന്നെ ലോകത്തെ എല്ലാ വിവരങ്ങളും കോര്‍ത്തിണക്കിയ ഒരു വിവര ശേഖരം ഇവര്‍ സ്വപ്നം കാണുന്നു. ആ വിവരശേഖരത്തില്‍ ഓഫ് ലൈന്‍വിജ്ഞാനം എന്നു കരുതാവുന്ന പുസ്തകങ്ങള്‍ (ഗൂഗിള്‍ ബുക്ക് സേര്‍ച്ച്) മുതല്‍ ജനിതക വിവരങ്ങള്‍ വരെ ഉള്‍പ്പെടും
മനുഷ്യജീനുകളിലും ഡി.എന്‍.എ. ശ്രേണികളിലും തിരച്ചില്‍ നടത്തി ഒരാള്‍ക്ക് സ്വന്തം വിധി കണ്ടെത്താവുന്ന കാലമാണ് ഗൂഗിളിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്ന്. സെലേറ ജിനോമിക്സ് എന്ന കമ്പനി സ്ഥാപിച്ച് ആഗോള സംരഭമായ ഹ്യൂമണ്‍ ജിനോം പദ്ധതിയെ ഒറ്റക്ക് വെല്ലുവിളിച്ച് മാനവജിനോം കണ്ടെത്തിയ സാക്ഷാല്‍ ക്രേയ് വെന്‍ററാണ് ഇക്കാര്യത്തില്‍ ഗൂഗിളിന്‍റെ ഉപദേഷ്ടാവും സഹായിയും, ഭൂമിയിലെ മാത്രമല്ല അന്യഗ്രഹങ്ങളിലെയും വിവരങ്ങള്‍ ഗൂഗിളിന്‍റെ ശേഖരത്തില്‍ ഉള്‍പ്പെടുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഗൂഗിളും തമ്മില്‍ ഒപ്പുവെച്ച സ്പേസ് എഗ്രിമെന്‍റ്  ആക്‌ട് വ്യക്തമാക്കുന്നത്. നാസയുടെ ഏറ്റവും ഉപയോഗ യോഗ്യമായ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കുകയാണ് കരാറിന്‍റെ ലക്ഷ്യം. താമസിയാതെ ഗൂഗിള്‍ എര്‍ത്ത് പോലെ ചന്ദ്രന്‍റെയും ചൊവ്വയ്യുടെയും ത്രിമാന മാപ്പുകള്‍ വെറുമൊരു മൌസ് ക്ലിക്കിന്‍റെ അകലത്തില്‍ ഗൂഗിളിന്‍റെ ഇന്‍റര്‍നെറ്റിലെത്തും.
തികച്ചും വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ നിന്നാണ് ലാറിയും, സെര്‍ജിയും വരുന്നതെങ്കിലും ഇരുവര്‍ക്കും പൊതുവായ ഒരു പശ്ചാത്തലമുണ്ടായിരുന്നു. കംപ്യൂട്ടറിന്‍റെ രണ്ടാംതലമുറ ഉപഭാക്താക്കളായിരുന്നു ഇവരും, കുട്ടിക്കാലത്തു തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാനും ഇവര്‍ക്ക് രണ്ടാള്‍ക്കും സ്വന്തം വീടുകളില്‍ തന്നെ അവസരമുണ്ടായി സങ്കീര്‍ണ്ണമായ ഗണിത സമീകരണങ്ങളും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുമായി മല്ലിടുന്നവരായിരുന്നു ഇവരുടെയും മാതാപിതാക്കള്‍, പ്രശസ്തമായ മോണ്ടിസ്റ്റോറി സ്ക്കൂളിലാണ് ഇരുവരും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന പൊതു പശ്ചാത്തലവുമുണ്ട്.
അറുപതുകളില്‍ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ആദ്യമായി കമ്പ്യൂട്ടര്‍ ബിരുദം നേടുന്നവരിലൊരാളായിരുന്നു ലാറിയുടെ പിതാവ് കാള്‍വിക്‌ടര്‍ പേജ്, ലാറിയുടെ മാതാവ് ജൂതവംശജയായ ഗ്ലോറിയ പേജും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമുള്ള വ്യക്തിയായിരുന്നു. 1972 ഡിസംബര്‍ 12ന് ജനിച്ച ലാറി ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ സാഹചര്യത്തില്‍ ആണ് വളര്‍ന്നത്. വേര്‍പിരിഞ്ഞെങ്കിലും ലാറിയെ നല്ല രീതിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ധാരണയിലെത്തിയിരുന്നു. ലാറിയുടെ പിതാവുമായി ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്ന മിഷിഗണ്‍ പ്രൊഫസര്‍ ജോയിസ് വൈല്‍ഡെന്താളിന്‍റെയും സ്വന്തം അമ്മയുടെയും സ്നേഹലാളനങ്ങല്‍ ഏറ്റാണ് ലാറി വളര്‍ന്നത്.
സെര്‍ജിയുടെ കുടുംബവും ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ശക്തമായ അടിത്തറയുള്ള ഒന്നായിരുന്നു. പിതാവ് മൈക്കല്‍ ബ്രിന്‍ മേരിലന്‍ഡ് സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്ര അദ്ധ്യാപകന്‍, മാതാവ് യൂജീനിയ ബ്രിന്‍ നാസയുടെ ഗോദാര്‍ദ്ദ് സ്പേസ് ഫ്ളൈറ്റ് സെന്‍ററിലെ പ്രമുഖ ശാസ്ത്രജ്ഞ, 1973 ആഗസ്റ്റ് 21ന് മോസ്കോയിലാണ് സെര്‍ജിയുടെ ജനനം. റഷ്യന്‍ ജൂതകുടുംബമമായിരുന്നു സെര്‍ജിയുടേത്. സെര്‍ജിക്ക് ആറ് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറി പത്തൊന്‍പതാമത്തെ വയസ്സില്‍ തന്നെ അണ്ടര്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി ഗവേഷണ വിദ്യാര്‍ത്ഥിയാകാന്‍ വേണ്ട പത്ത് പരീക്ഷയും ഒറ്റയടിക്ക് പാസ്സായാണ് സെര്‍ജി സ്റ്റാന്‍ഫഡില്‍ എത്തുന്നത്. സ്റ്റാന്‍ഫഡ് ക്യാമ്പസ്സില്‍ ലാറിയും സെര്‍ജിയും കണ്ടുമുട്ടുമ്പോഴൊക്കെ അവസാനിക്കാത്ത തര്‍ക്കങ്ങളിലും ആലോചനകളിലും ഇരുവരും പെടുമായിരുന്നു. ആ തര്‍ക്കവും ആലോചനകളുമായാണ് സെര്‍ച്ചിങ്ങിന്‍റെ തന്നെ പര്യായമായ ഗൂഗിളിന് വഴി തെളിയിച്ചത്.

ഗൂഗിള്‍ (ക്രിയാത്മകതക്ക് പുതുവഴി)

ഒരു സാധാരണ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്‍റെ അളവു കോലുകളില്‍ ഗൂഗിള്‍ ഒതുങ്ങില്ല കാലിഫോര്‍ണിയയിലെ മൌണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍ പ്ലക്സ് എന്ന ആസ്ഥാനത്ത് ശരിക്കുമൊരു കോളേജ് ക്യാമ്പസ്സിന്‍റെ അന്തരീക്ഷമാണുള്ളത്. മൂന്നും നാലും പേരടങ്ങിയ ഗ്രൂപ്പുകളായാണ് ഗൂഗിളിലെ ജീവനക്കാര്‍ ജോലി ചെയ്യുക. അത്യന്തം രുചികരമായ ഭക്ഷണം ഗൂഗിള്‍ പ്ലക്സിനുള്ളില്‍ എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കും. ഏത് ആശയവും പരീക്ഷിച്ചു നോക്കാന്‍ ഗൂഗിളിലെ ജീവനക്കാര്‍ക്ക് അനുവാദമുണ്ട്. അല്‍പ്പമെങ്കിലും സാദ്ധ്യതയുള്ളതെന്നു കണ്ടാല്‍ അതിന് ഗൂഗിളിന്‍റെ പിന്തുണയും ലഭിക്കും ഒറ്റ കാര്യത്തിനേ ഗൂഗിള്‍ പ്ലക്സിസില്‍ വിലക്കുള്ളൂ ഗൂഗിളിന്‍റെ ഓഹരി വില നോക്കാന്‍ പാടില്ല. അങ്ങിനെ ആരെങ്കിലും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഓഹരിയുടെ വിലയാണ് പിഴ.
ഗൂഗിളിലുള്ളവര്‍ അവരുടെ ആകെ ജോലി സമയത്തിന്‍റെ 70 ശതമാനം മാത്രം ഗൂഗിളിന്‍റെ മുഖ്യജോലികളായ സെര്‍ച്ചിംഗ്, പരസ്യം തുടങ്ങിയവയില്‍ ശ്രദ്ധിച്ചാല്‍ മതി ബാക്കി വരുന്നതില്‍ 20 ശതമാനം സമയം വ്യക്തിപരമായി താല്‍പര്യമുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കാം ബാക്കി പത്തുശതമാനം ഏത് ഭ്രാന്തന്‍ ആശയവും  പരീക്ഷിച്ചു നോക്കാനുള്ള സമയമാണ്. ക്രിയത്മകത നിലനിര്‍ത്താനും അതുവഴി പുത്തന്‍ സങ്കേതങ്ങള്‍ക്ക് വഴി തുറക്കാനും ഗൂഗിള്‍ അവലംബിക്കുന്ന മാര്‍ഗ്ഗമാണത്, ഗൂഗിളിന്‍റെ പ്രശസ്തമായ പല ഉല്‍പ്പന്നങ്ങളും രൂപപ്പെട്ടത് ഇങ്ങനെ അനുവദിക്കപ്പെട്ട സമയത്താണ്. ഗൂഗിള്‍ ഡെസ്ക്ക്ടോപ്പ്, ഗൂഗിള്‍ ന്യൂസ്, ഗൂഗിള്‍ ടോക്ക്, ഓര്‍ക്കുട്ട്, ജിമെയില്‍ തുടങ്ങി ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒട്ടേറെ ഉത്പന്നങ്ങളെക്കുറിച്ച് മുന്‍കൂട്ടി പ്രഖ്യാപനം നടത്തുന്ന രീതി ഗൂഗിളിനില്ല, പല സര്‍വ്വീസും തുടങ്ങുന്നതു തന്നെ സാധാരണക്കാര്‍ അറിഞ്ഞെന്നു വരില്ല ഉപഭോക്താക്കളുടെ മനസ്സില്‍ കയറിക്കൂടിക്കഴിഞ്ഞാണ് ഗൂഗിള്‍ ഉത്പന്നങ്ങള്‍ മിക്കപ്പോഴും ചര്‍ച്ചയാവുക.