Friday, November 5, 2010

ഗൂഗിളിന്‍റെ പേരിനു പിന്നില്‍

സ്റ്റാന്‍ഫഡില്‍ 1997ന്‍റെ തുടക്കത്തിലാണ് ലാറി പേജ് സെര്‍ച്ച് എഞ്ചിന്‍റെ പ്രാകൃത രൂപം  ഉണ്ടാക്കുന്നത് ബാക്ക് റബ്ബ് (BackRub) എന്നായിരുന്നു ആദ്യപേര് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സെര്‍ച്ച് എഞ്ചിന് പുതിയൊരു പേര് വേണമെന്നായി പറ്റിയ പേരൊന്നും കിട്ടിയില്ല. ഒടുവില്‍ ലാറിയും സെര്‍ജിയും കൂടി സഹപാഠിയായ സീന്‍ ആന്‍ഡേഴ്സനെ സമീപിച്ചു. ഞാനൊരു വൈറ്റ് ബോര്‍ഡില്‍ പേരുകളെഴുതാം, യോഗ്യമായതെത്തുമ്പോള്‍ പറഞ്ഞാല്‍ മതി ആന്‍ഡേഴ്സണ്‍ നിര്‍ദ്ദേശിച്ചു അങ്ങിനെ ആരംഭിച്ചു ഓരോ പേരെഴുതുമ്പോഴും ലാറിയും സെര്‍ജിയും ഒരേ സ്വരത്തില്‍ വേണ്ട എന്ന് പറയും ഈ അഭ്യാസം ദിവസങ്ങളോളം തുടര്‍ന്നു. ഒരവസരത്തില്‍ ആന്‍ഡേഴ്സണ്‍ ചോദിച്ചു ഗൂഗിള്‍ പ്ലക്സ് (Googleplex) എങ്ങിനെ ? അത് ലാറിക്ക് ഇഷ്ടമായി വളരെ വലിയൊരു സംഖ്യയാണത്. ഒന്ന് കഴിഞ്ഞ് നൂറ് പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യ. പ്രപഞ്ചത്തിലുള്ള മൊത്തം തന്മാത്രകളുടെ എണ്ണമെന്നു കരുതുന്ന സംഖ്യ അതിനെ ഗൂഗിള്‍ (Google) എന്നു ചുരുക്കമായാലോ? ലാറി ചോദിച്ചു അന്ന് വൈകുന്നേരം ലാറി വൈറ്റ് ബോര്‍ഡില്‍ ഇങ്ങനെ എഴുതി 'Google.com' അങ്ങനെ പേരുണ്ടായി ഗൂഗിള്‍ പ്ലക്സിന്‍റെ ആദ്യഭാഗം സ്വീകരിച്ചതുകൊണ്ടാണ് ഗൂഗിള്‍ ആയത് യഥാര്‍ത്ഥത്തില്‍ ആ വാക്ക് ഗൂഗൊള്‍ (Googol) എന്നാണ് പക്ഷേ തെറ്റു കണ്ടെത്തുമ്പോഴേക്കും ലാറിയും സെര്‍ജിയും ഗൂഗിളുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. അങ്ങിനെ ഒരു അക്ഷരപിശകില്‍ നിന്ന് ഗൂഗിളുണ്ടായി ഒരിക്കലും പിഴക്കാതെ മുന്നേറാന്‍.

പേജ് റാങ്ക് ഗൂഗിളിന്‍റെ ആത്മാവ്

നെല്ലില്‍ നിന്ന് പതിര് വേര്‍ത്തിരിക്കും പോലെ സെര്‍ച്ചിങ്ങ് നടത്തുന്നയാള്‍ക്ക് ഏറ്റവും മുമ്പിലേക്ക് ഏറ്റവും പ്രസക്തമായ പേജ് ആദ്യം എന്ന ക്രമത്തില്‍ എത്തിക്കുകയാണ് ഗൂഗിള്‍ ചെയ്യുക, കോടിക്കണക്കിന് വെബ്ബ് പേജുകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞു പിടിച്ച് പ്രസക്തമായ പേജുകള്‍ എത്തിക്കാന്‍ സെക്കന്‍റുകള്‍ പോലും ഗൂഗിളിന് വേണ്ട ഇതിന് ഗൂഗിളിനെ പ്രാപ്തമാക്കുന്നത് പേജ് റാങ്ക് (PageRank) എന്ന രഹസ്യ ഗണിത സമീകരണമാണ്. യുക്തിപൂര്‍വ്വമായ രീതിയില്‍ വെബ്ബ് പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുകയാണ് പേജ്റാങ്ക് ചെയ്യുന്നത്. കൂടുതല്‍പേര്‍ സന്ദര്‍ശിക്കുന്ന വെബ്ബ് പേജ് പ്രധാനപ്പെട്ടത് ആകണമെന്നില്ല. മറ്റൊരു പരിഗണനാക്രമമാണ് ഇതിന് പേജ് റാങ്കില്‍ അവലംബിക്കുന്നത്. ഒരു വ്യക്തിയെ ഉദാഹരണമായെടുക്കാം അയാള്‍ പ്രാധാന്യമുള്ള അല്ലെങ്കില്‍ പ്രാധാന്യം നല്‍കേണ്ട വ്യക്തിയാണോ എന്നറിയാന്‍ എന്താണ് എളുപ്പമുള്ള മാര്‍ഗ്ഗം? അയാള്‍ ആരൊക്കെയായി ബന്ധപ്പെടുന്നു. അയാളുമായി ആരൊക്കെ ബന്ധപ്പെടുന്നു എന്ന് പരിശോധിച്ചാല്‍ മതി പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട വ്യക്തികള്‍ ഇങ്ങോട്ട് ബന്ധപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തി തീര്‍ച്ചയായും പ്രധാനപ്പെട്ട ഒരാളായിരിക്കും എന്ന സാമാന്യനിഗമനത്തില്‍ എത്താം (എല്ലായിപ്പോഴും ഇങ്ങനെ ആകണമെന്നില്ല എന്നിരിക്കലും) ഏതാണ്ട് ഇതേ മാര്‍ഗ്ഗമാണ് വെബ്ബ് പേജുകളുടെ പ്രാധാന്യം നിര്‍ണ്ണയിക്കാന്‍ പേജ് റാങ്കും ചെയ്യുന്നത് സൈറ്റില്‍ നിന്ന് ഏതൊക്കെ സൈറ്റുകളിലേക്ക് ലിങ്കുണ്ടെന്നതുമായി ബന്ധപ്പെട്ടാണ് ഇത് നിശ്ചയിക്കുന്നത്. പ്രധാനപ്പെട്ട മറ്റു സൈറ്റുകളിലേക്ക് ലിങ്കുള്ള ഒരു സൈറ്റ് പ്രധാനപ്പെട്ടതാണെന്ന് ഊഹിക്കാം. അതുമാത്രം പോര, ആ സൈറ്റിലേക്കുള്ള ലിങ്കുകളും നോക്കണം,നാസയുടെ സൈറ്റില്‍ നിന്നു ലിങ്കുള്ള ഒരു സൈറ്റ് തീര്‍ച്ചയായും പ്രധാനപ്പെട്ടതായിരിക്കും യാഹൂവിന്‍റെ ഹോംപേജില്‍ നിന്ന് ലിങ്കുള്ള ഒരു സൈറ്റ് തീര്‍ച്ചയായും പ്രധാനപ്പെട്ടതാകണമല്ലോ. ഇത്തരത്തില്‍ പേജുകളുടെ പ്രാധാന്യം നിശ്ചയിക്കാന്‍ ലിങ്കുകളുടെ ശൃംഖല കൂട്ടുപിടിക്കുകയാണ് പേജ് റാങ്ക് ചെയ്യുന്നത്. അതോടൊപ്പം സൈറ്റിന്‍റെ ജനപ്രീതിയും കണക്കിലെടുക്കും അതിസങ്കീര്‍ണ്ണമായ ഗണിത സമീകരണമുപയോഗിച്ചാണ് പേജ് റാങ്ക് പ്രധാനപ്പെട്ട സൈറ്റ് ഏതാണെന്ന് നിശ്ചയിക്കുന്നത്. റാങ്കിങ്ങില്‍ മുകളിലെത്തുന്ന സൈറ്റുകളാവും പ്രധാനപ്പെട്ടവ അവ ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടും പരസ്യങ്ങളുടെ കാര്യത്തിലും ഇതേ റാങ്കിംഗ് ഗൂഗിള്‍ നടത്തുന്നു. ഗൂഗിളിന്‍റെ സെര്‍ച്ച് ഫലത്തോടൊപ്പം നമ്മള്‍ കാണുന്ന പരസ്യത്തിന്‍റെ ജനപ്രീതിയെയും അത് കണക്കിലെടുക്കുന്നു.

ഗൂഗിള്‍ (പുതുമ എന്നെന്നും)

ഒഴുക്കിനെതിരെ നീന്തിയാണ് ഗൂഗിള്‍ ആദ്യകാലത്ത് പിടിച്ചു നിന്നത്, പിന്നീട് ഇന്‍റര്‍നെറ്റിന്‍റെ ഒഴുക്ക് തന്നെ ഗൂഗിള്‍ അതിന് അനുകൂലമായി തിരിച്ചു വിട്ടു എന്നത് ചരിത്രം. തൊണ്ണൂറുകളുടെ അവസാനം സിലിക്കന്‍ വാലിയില്‍ സോഫ്റ്റ് വെയര്‍ കമ്പനികള്‍ ഒന്നൊന്നായി തകര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ആ സാഹചര്യം ഗൂഗിള്‍ പരമാവധി ചൂഷണം ചെയ്തു. സിലിക്കണ്‍ വാലിയിലെ പ്രതിസന്ധി ഒട്ടേറെ ഒന്നാംകിട കമ്പ്യൂട്ടര്‍ വിദഗ്ദരെ തൊഴില്‍ രഹിതരാക്കി. ഗൂഗിള്‍ അതിന്‍റെ വിപുലീകരണം തുടങ്ങുന്ന സമയമായിരുന്നു. സിലിക്കണ്‍ വാലിയിലെ ഏറ്റവും മുന്തിയ ബുദ്ധിമാന്മാരെ സ്വന്തം കുടക്കീഴിലാക്കാന്‍ ഗൂഗിളിന് ഇത് അവസരമൊരുക്കി. ലോകത്ത് ഒരു കമ്പനിക്കുമില്ലാത്ത കമ്പ്യൂട്ടര്‍ ശേഷിക്കൊപ്പം, ബൌദ്ധിക ശേഷിയും ഗൂഗിളിലേക്ക് ചേക്കേറി. നാസ, ബെല്‍ ലാബ്സ്, മൈക്രോസോഫ്ട്, വന്‍കിട സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഒന്നാംകിട വിദഗ്ദരാണ് ദിനംപ്രതി ഇപ്പോള്‍ ഗൂഗിളിലേക്ക് ഒഴുകുന്നത് അവരില്‍ സോഫ്റ്റ് വെയര്‍ വിദഗ്ദരും, കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരും മാത്രമല്ല, ഗണിത ശാസ്ത്രജ്ഞരും, നരവംശ ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരുമൊക്കെയുണ്ട് ഇപ്പോള്‍ ഗൂഗിളില്‍ . ഇതുമാത്രമല്ല ഇന്‍റര്‍നെറ്റിന്‍റെ പുതുയുഗത്തിന് ചേര്‍ന്ന ഒട്ടേറെ കമ്പിനികളെയും ഗൂഗിള്‍ വിലക്ക് വാങ്ങി സ്വന്തം കുടക്കീഴില്‍ ചേര്‍ത്തു. ഗൂഗിളിന്‍റെ ഓരോ വാങ്ങലുകളും കാലത്തിന്‍റെ ചുമരെഴുത്തിന്‍റെ പ്രതിഫലനമായിരുന്നു. ബ്ലോഗര്‍ ഡോട്ട്കോം (blogger.com) വികസിപ്പിച്ച പൈറ ലാബ്സിനെ 2003 ഫെബ്രുവരിയിലാണ് ഗൂഗിള്‍ സ്വന്തമാക്കിയത്. ബ്ലോഗിങ്ങിനെ ഏറ്റവും അധികം പേര്‍ ആശ്രയിക്കുന്ന സര്‍വ്വീസുകളിലൊന്നാണ് ബ്ലോഗര്‍ ഡോട്ട് കോം (എനിക്കിപ്പോള്‍ ഇങ്ങനെ ഒരു ലേഖനം എഴുതുവാന്‍ കഴിഞ്ഞതും അതുകൊണ്ട് തന്നെയാണ്) ആഡ്സെന്‍സിന്‍റെ സഹായത്തോടെ ബ്ലോഗറില്‍ നിന്ന് വന്‍വരുമാനവും ഗൂഗിള്‍ കൊയ്യുന്നു. സാധാരണക്കാരെപ്പോലും പര്യവേഷകരാക്കി മാറ്റുന്ന സോഫ്റ്റ് വെയര്‍ ആണ് ഗൂഗിള്‍ എര്‍ത്ത്, ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ ലോകത്തെവിടെയും നിങ്ങള്‍ക്ക് പറന്ന് ഇറങ്ങാം അത് വികസിപ്പിച്ച 'കീഹോള്‍' കമ്പനിയെ 2004ല്‍ ഗൂഗിള്‍ വിലക്ക് വാങ്ങി സ്വന്തമാക്കി. സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പോലും വീഡിയോ പിടിക്കാന്‍ ഇപ്പോള്‍ കഴിയും പക്ഷേ സ്വന്തമായി വീഡിയോ പ്രക്ഷേപണം ചെയ്യുക ബുദ്ധിമുട്ടാണ്. ആര്‍ക്കും സംപ്രേക്ഷകരാകാന്‍ അവസരമൊരുക്കുന്ന ഇന്‍റര്‍നെറ്റ് സംരഭമാണ് യുട്യൂബ് (YouTube). 2005ല്‍ ആരംഭിച്ച യുട്യൂബ് കമ്പനിയെ 165 കോടി ഡോളര്‍ നല്‍കിയാണ് ഗൂഗിള്‍ ഏറ്റെടുത്തത് തങ്ങളുടെ നവീന ബിസിനസ്സ് മാതൃക ഇന്‍റര്‍നെറ്റില്‍ വ്യാപിപ്പിക്കുവാനും ഗൂഗിള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക് സംവിധാനമുപയോഗിച്ച് റേഡിയോ നിലയങ്ങള്‍ക്ക് പരസ്യം പ്രദാനം ചെയ്യുന്ന ഡിമേര്‍ ബ്രോഡ്കാസ്റ്റിങ്ങ് (dMare Broadcasting) കമ്പനിയാണ് ഗൂഗിളിന്‍റെ ഭാഗമായി മാറിയ മറ്റൊരു സ്ഥാപനം.
ആദ്യം സാങ്കേതിക വിദ്യ കുറ്റമറ്റതാക്കുക അതിനുശേഷം മാത്രം അതിന്‍റെ വാണിജ്യ സാദ്ധ്യത പരിഗണിക്കുക എന്നതാണ് ഗൂഗിളിന്‍റെ രീതി. അതിനാല്‍ ഓരോ ചുവടുവെയ്പ്പിലും വ്യത്യസ്ഥതയും പുതുമയും നവീനതയും പുലര്‍ത്താന്‍ ഗൂഗിളിന് കഴിയുന്നു. ഇതാണ് ഗൂഗിളിനെ ഗൂഗിളായി നിലനിര്‍ത്തുന്ന മുഖ്യ ഘടകം. നിത്യജീവിതത്തില്‍ ഒരാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ലളിതമായ പരിഹാരം നല്‍കുന്നതാണ് ഗൂഗിളിന്‍റെ ഓരോ ഉല്‍പ്പന്നവും, അവയെല്ലാം ഉപഭോക്താക്കളെ സംബന്ധിച്ച് തികച്ചും സൌജന്യവുമാണ്. സെര്‍ച്ച് എഞ്ചിന്‍ കൂടാതെ ഗൂഗിള്‍ ഇമേജസ്, ഗൂഗിള്‍ ന്യൂസ്, ജിമെയില്‍ , ഗൂഗിള്‍ ഡെസ്ക്ക് ടോപ്പ്, ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ എര്‍ത്ത്, ഓര്‍ക്കുട്ട്, ഗൂഗിള്‍ സ്കോളാര്‍ , ഗൂഗിള്‍ ബുക്ക് സേര്‍ച്ച്, ഗൂഗിള്‍ പേറ്റന്‍റ് സേര്‍ച്ച്, ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച്, ഗൂഗിള്‍ ഗ്രൂപ്പ്സ്, യൂട്യൂബ്, പിക്കാസ, ഗൂഗിള്‍ ക്രോം etc. ... ഏറ്റവും ഒടുവിലായി കേട്ടത് ക്രോം ഒഎസ് എന്ന പേരില്‍ സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഇറക്കാന്‍ ഉള്ള ശ്രമത്തിലാണ് ഗൂഗിള്‍ എന്നാണ് നെറ്റുബുക്ക് പോലെയുള്ള കുറഞ്ഞ കോണ്‍ഫിഗറേഷനില്‍ ഉള്ള കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന തരത്തിലുള്ളതായിരിക്കും അത്. ഇതു കൂടാതെ ഗൂഗിള്‍ ലാബ്സ് എന്ന ഗൂഗിളിന്‍റെ പണിപ്പുരയില്‍ നിന്ന് പുറത്തു വരാന്‍ കാക്കുന്ന വേറെയും ഒരുപാട് ഉത്പന്നങ്ങള്‍ ഉണ്ട്.

ഇല്ലായ്മകളില്‍ നിന്ന് തുടക്കം

1998 സെപ്റ്റംബര്‍ ഏഴിന് സ്റ്റാന്‍ഫഡ് ക്യാമ്പസിന് സമീപം മെന്‍ലോ പാര്‍ക്കിലെ ഒരു ഗാരേജിലായിരുന്നു ഗൂഗിള്‍ കമ്പനിയുടെ തുടക്കം. ഇന്ന് കാലിഫോര്‍ണിയയിലെ മൌണ്ടന്‍ വ്യൂവില്‍ ഗൂഗിളിന്‍റെ ആസ്ഥാനമായ ഗൂഗിള്‍ പ്ലക്സ്സ് പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ തുടക്കത്തില്‍ ലാറി അതിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, സെര്‍ജി പ്രസിഡണ്ടും ചെയര്‍മാനുമായിരുന്നു. ഇപ്പോള്‍ ലാറിയും സെര്‍ജിയും സഹ പ്രസിഡണ്ടുമാരാണ്. ലാറിക്ക് ഉത്പന്നങ്ങളുടെ ചുമതലയും സെര്‍ജിക്ക് ടെക്നോളജിയുടെ ചുമതലയും, മെന്‍ലോ പാര്‍ക്കിലെ ഗാരേജിന്‍റെ ഇല്ലായ്മയില്‍ നിന്ന് ഗൂഗിള്‍ നടന്നു കയറിയത് ലോകത്തിന്‍റെ നെറുകയിലേക്കാണ്.പേജ് റാങ്കിന്‍റെ കണ്ടുപിടുത്തമല്ല യഥാര്‍ത്ഥത്തില്‍ ഗൂഗിളിന്‍റെ വിജയത്തിന് നിമിത്തമായത് ലാറിയും സെര്‍ജിയും ഗൂഗിളിനെ വില്‍ക്കാന്‍ കൊണ്ടു നടന്ന കാലത്ത് ആരും അത് വാങ്ങാന്‍ തയ്യാറായില്ല എന്നതാണ്. അത് കൊണ്ട് ഗതികെട്ട് അവര്‍ക്ക് സ്വന്തം കമ്പനി തുടങ്ങേണ്ടി വന്നു. മറ്റ് സെര്‍ച്ച് എഞ്ചിനുകളേക്കാള്‍ മികച്ചതെന്നു മനസ്സിലാക്കിയ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ വളരെ വേഗം ഗൂഗിളിനെ തങ്ങളുടെ സ്വന്തം സെര്‍ച്ച് എഞ്ചിനാക്കി. ആളുകള്‍ പരസ്പരം പറഞ്ഞ് ഗൂഗിള്‍ പ്രചരിച്ചു. പ്രചാരം വര്‍ദ്ധിച്ചതോടെ സെര്‍ച്ചിങ്ങിന്‍റെ തോതും കൂടി. ലക്ഷകണക്കിന് സെര്‍ച്ച് അഭ്യര്‍ത്ഥനകള്‍ ഒരേ സമയം കൈകാര്യം ചെയ്യുകയെന്നത് നിസ്സാരമല്ല സെര്‍ച്ച് ചെയ്യുമ്പോള്‍ പെട്ടന്ന് ഫലം കിട്ടണമെങ്കില്‍ അതിനനുസരിച്ചുള്ള കമ്പ്യൂട്ടര്‍ ശേഷി വേണം. ആദ്യവര്‍ഷങ്ങളില്‍ ഒരു വരുമാനവുമില്ലാതെ പ്രവര്‍ത്തിച്ച ഗൂഗിള്‍ കമ്പനിക്ക് വന്‍മുതല്‍ മുടക്കി കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നിര്‍മ്മിക്കുക സാദ്ധ്യമായിരുന്നില്ല. അതിന് ലാറിയും സെര്‍ജിയും ഒരു ഉപാധി കണ്ടെത്തി. നൂറുകണക്കിന് വിലകുറഞ്ഞ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വാങ്ങി ഫ്രിഡ്ജുകളെ അനുസ്മരിപ്പിക്കുന്ന റാക്കുകളില്‍ ക്രമീകരിച്ച് ഒരു പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കുക. ഗൂഗിള്‍ സ്ഥാപകര്‍ തന്നെ രൂപപ്പെടുത്തി പേറ്റന്‍റ് ചെയ്ത സവിശേഷമായ സോഫ്റ്റ് വെയര്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്.
ആദ്യ കാലത്തെ നിക്ഷേപങ്ങളൊക്കെ ലാറിയും സെര്‍ജിയും നടത്തിയത് പേഴ്സണല്‍ കംപ്യൂട്ടറുകള്‍ വാങ്ങിക്കൂട്ടാനാണ്. കോടിക്കണക്കിന് സെര്‍ച്ച് അഭ്യര്‍ത്ഥനകള്‍ ഒരേസമയം കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടര്‍ ശേഷി ഗൂഗിള്‍ നേടിയത് അങ്ങിനെയാണ്. ഇപ്പോള്‍ ഗൂഗിള്‍ പ്ലക്സിലെ രഹസ്യമുറികളില്‍ ഇങ്ങനെ ക്രമീകരിച്ചിട്ടുള്ള രണ്ടു ലക്ഷത്തിലേറെ വിലകുറഞ്ഞ പേഴ്സണല്‍ കംപ്യൂട്ടറുകളാണ് ഗൂഗിള്‍ എന്ന ഇന്‍റര്‍നെറ്റ് ഭീമന്‍റെ കരുത്ത്. എല്ലാം പരസ്യമാക്കുന്ന സ്വഭാവം ഗൂഗിളിനില്ല തന്ത്രങ്ങള്‍ മുഴുവന്‍ പറയാതിരിക്കുകയാണ് ഗൂഗിളിന്‍റെ തന്ത്രം. അതിനാല്‍ പുതിയ ചില ഉത്പന്നങ്ങള്‍ക്ക് പേറ്റന്‍റ് അപേക്ഷ നല്‍കാന്‍ പോലും ഗൂഗിള്‍ തയ്യാറാകാറില്ല എന്തിന് ഇത്തൊരമൊരാശയം സാദ്ധ്യമാണെന്ന് പ്രതിയോഗികളെ മുന്‍ കൂട്ടി അറിയിക്കണം എന്നാണ് ഗൂഗിളിന്‍റെ ഭാഷ്യം. ഗൂഗിളിന്‍റെ അസാധാരണമായ കമ്പ്യൂട്ടര്‍ ശേഷി എങ്ങിനെ ഉണ്ടാകുന്നു. എന്നത് ഇത്തരത്തില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള രഹസ്യങ്ങളില്‍ ഒന്നാണ്. ആയിരക്കണക്കന് കമ്പ്യൂട്ടറുകളിലേതെങ്കിലും നശിച്ചാല്‍ മറ്റ് കമ്പ്യൂട്ടറുകള്‍ അതിന്‍റെ ചുമതല സ്വന്തം നിലക്ക് ഏറ്റെടുക്കുംവിധമാണ് അവയുടെ ക്രമീകരണം, സെര്‍ച്ച് നടത്തുന്നയാള്‍ ഇക്കാര്യം അറിയുകപോലുമില്ല. ഗൂഗിളിന്‍റെ കമ്പ്യൂട്ടര്‍ ശേഷി മറ്റൊരു കമ്പനിക്ക് സൃഷ്ടിക്കണമെന്ന് വെച്ചാല്‍ അതിന് പതിന്മടങ്ങ് മുതല്‍മുടക്ക് വേണ്ടിവരും അതുകൊണ്ട് ഗൂഗിളിനെ ഇപ്പോഴത്തെ നിലക്ക് കടത്തി വെട്ടുക ബുദ്ധിമുട്ടാണ്.
ഗൂഗിളില്‍ സേര്‍ച്ച് നടത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരാള്‍ വെബ്ബിലല്ല അത് ചെയ്യുന്നത് ഗൂഗിളിന്‍റെ കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചു വെച്ചിട്ടുള്ള വേള്‍ഡ് വൈഡ് വെബ്ബിന്‍റെ ഇന്‍ഡക്സ് കോപ്പിയിലാണ്, അവിടെ നിന്ന് ലഭിക്കുന്ന സെര്‍ച്ച് ഫലത്തിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആണ് യഥാര്‍ത്ഥ വെബ്ബ് പേജിലേക്ക് ഒരാള്‍ എത്തുക, വെബ്ബിന്‍റെ ഇത്തരം ഒട്ടേറെ കോപ്പികള്‍ കാലിഫോര്‍ണിയയിലും വിര്‍ജീനിയയിലും സ്ഥിതി ചെയ്യുന്ന വ്യത്യസ്ഥ സെര്‍വ്വറുകളില്‍ ഗൂഗിള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാണ് സൂചന, ഏതെങ്കിലും അപകടത്താല്‍ കുറെ സെര്‍വ്വറുകള്‍ നശിച്ചാല്‍ മറ്റ് സെര്‍വ്വറുകള്‍ ഉടന്‍ തന്നെ ഇവയുടെ ഡ്യൂട്ടി ഏറ്റെടുക്കാന്‍ പാകത്തില്‍ ആണ് ഇവയുടെ ക്രമീകരണം അതിനാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ അറിയില്ല എന്തെങ്കിലും സംഭവിച്ചു എന്ന്.

ഗൂഗിള്‍ അല്‍പം ചരിത്രം

അറുപതുകളുടെ അവസാനം അമേരിക്കന്‍ പ്രതിരോധവകുപ്പിന്‍റെ പരീക്ഷണ പദ്ധതിയായി തുടങ്ങിയ ഇന്‍റര്‍നെറ്റിന് സ്വന്തമായി ഒരു അസ്തിത്വം ഉണ്ടാകുന്നത് 1989ല്‍ ടിം ബര്‍ണേഴ്സ് ലീ വേള്‍ഡ് വൈഡ് വെബ് (www) രൂപപ്പെടുത്തുന്നതോടെയാണ്. എന്നാല്‍ മടുപ്പില്ലാത്ത അനുഭവമായി ഇന്‍റര്‍നെറ്റ് മാറാനും തേടുന്ന വിവരങ്ങള്‍ കൃത്യമായി അവിടെ നിന്ന് കണ്ടെത്താനും ഗൂഗിള്‍ രംഗത്തെത്തേണ്ടതുണ്ടായിരുന്നു. ഗൂഗിളാണ് ഇന്‍ര്‍നെറ്റ് ഉപയോഗത്തെ ഫലവത്തായ ഒരു പ്രക്രിയയായി രൂപപ്പെടുത്തിയത്. ശരിക്കും വിവരശേഖരണത്തിനുള്ള ഉപാധിയായി ഇന്‍റര്‍നെറ്റിനെ ഗൂഗിള്‍ മാറ്റി.ഗൂഗിളിന്‍റെ ചരിത്രം തുടങ്ങുന്നത് 1996 ജനുവരിയിലാണ്. കാലിഫോര്‍ണിയയിലെ പാലോ ഓള്‍ട്ടയില്‍ സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളായിരുന്ന ലോറന്‍സ്പേജ് (ലാറിപേജ്), സെര്‍ജിബ്രിന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗവേഷണ പദ്ധതിയില്‍ നിന്ന്, വെബ്ബ് പേജുകളെ അവയുടെ പ്രാധാന്യമനുസരിച്ച് തിരഞ്ഞു കണ്ടെത്താന്‍ സഹായിക്കുന്ന പേജ് റാങ്ക് (Page Rank) എന്ന ഗണിതസമീകരണം (algorithm) ആണ് ഗൂഗിളിന്‍റെ ആത്മാവ്. പേജ്റാങ്ക് സംബന്ധിച്ച ആശയം ലാറിയാണ് ആദ്യം മുന്നോട്ടു വെച്ചത്. ലാറിക്കൊപ്പം സെര്‍ജിയും കൂടി ചേര്‍ന്ന് അതിനെ പുതിയൊരു സെര്‍ച്ച് എഞ്ചിനായി രൂപപ്പെടുത്തി. 'ഓള്‍ട്ടവിസ്റ്റ' ഉള്‍പ്പെടെ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സെര്‍ച്ച് എഞ്ചിനുകളെക്കാളും മികച്ച സെര്‍ച്ച്ഫലം നല്‍കാന്‍ കഴിവുള്ളതായിരുന്നു ഗൂഗിള്‍, മറ്റ് സെര്‍ച്ച് എഞ്ചിനുകളെല്ലാം പ്രാധാന്യം തിരിച്ചറിയാതെ ഒരു കൂട്ടം വെബ്ബ് പേജുകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലെത്തിക്കുമ്പോള്‍ ‍, അപ്രധാനമായത് പിന്നിലേക്ക് തള്ളി പ്രാധാനപ്പെട്ട വെബ്ബ്പേജുകളെ ആദ്യം സ്ക്രീനിലെത്തിക്കുന്നു ഗൂഗിള്‍. 1997 സെപ്റ്റംബര്‍ 15ന് ഗൂഗിള്‍ ഡോട്ട് കോം എന്ന ഡൊമെയിന്‍ നാമം റജിസ്റ്റര്‍ ചെയ്യപ്പെട്ടു. (പേജ് റാങ്കിന് 2001 സെപ്റ്റബര്‍ നാലിനാണ് പേറ്റന്‍റ് ലഭിച്ചത്. യു.എസ്. പേറ്റന്‍റ് നമ്പര്‍ 6,285,999 ലാറിപേജാണ് അതിന്‍റെ ഉപജ്ഞാതാവെന്ന് പേറ്റന്‍റ് രേഖകളില്‍ പറയുന്നു.)
തങ്ങള്‍ കണ്ടെത്തിയ സാങ്കേതിക വിദ്യ പത്തു ലക്ഷം ഡോളറിന് 'ഓള്‍ട്ടവിസ്റ്റക്ക്' കൈമാറിയ ശേഷം സ്റ്റാന്‍ഫഡില്‍ പഠനം തുടരാനായിരുന്നു. ലാറിയുടെയും സെര്‍ജിയുടെയും പരിപാടി. പക്ഷേ ഓള്‍ട്ടവിസ്റ്റ ആ റിസ്ക്കിന് തയ്യാറായില്ല, യാഹുവിന് ഗൂഗിള്‍ കൈമാറാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല, അമേരിക്ക ഓണ്‍ലൈനും (എ.ഒ.എല്‍ ) ഗൂഗിളിനെ കയ്യൊഴിഞ്ഞു ഒടുവില്‍ പഠനം തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ച് ഗൂഗിള്‍ കമ്പനി തുടങ്ങേണ്ട ഗതികേടില്‍ എത്തി ലാറിയും സെര്‍ജിയും. പക്ഷേ അതിന് പണം വേണം. അങ്ങിനെയാണ് ഇരുവരും ആന്‍ഡി ബെച്ചോള്‍ഷീം എന്ന കോടീശ്വരനായ നിക്ഷേപകനെ സമീപിക്കുന്നത്. സണ്‍ മൈക്രോസിസ്റ്റംസിന്‍റെ സ്ഥാപകരില്‍ ഒരാളായ ബെച്ചോള്‍ഷീം, പുതിയ സാങ്കേതിക വിദ്യയെപ്പറ്റിയുള്ള ആദ്യവിവരണത്തില്‍ തന്നെ വീണു. ലാറിയും സെര്‍ജിയും എല്ലാ വിശദാംശങ്ങളും പറഞ്ഞു തീരാന്‍ പോലും അദ്ദേഹം കാത്തുനിന്നില്ല "എന്തുകൊണ്ട് ഒരു ലക്ഷം ഡോളറിന്‍റെ ചെക്ക് നിങ്ങള്‍ക്ക് വേണ്ടി എഴുതിക്കൂട" അദ്ദേഹം ചോദിച്ചു. ഗൂഗിള്‍ ഇന്‍കോപ്പറേറ്റഡ് എന്ന കമ്പനിക്കാണ് അദ്ദേഹം ചെക്കെഴുതിയത്. അങ്ങിനെ ഒരു കമ്പനി അന്ന് ഭൂമിയില്‍ ഇല്ല. ചെക്കുമാറാനായി ലാറിക്കും സെര്‍ജിക്കും ആ പേരിലുള്ള കമ്പനി തുടങ്ങേണ്ടി വന്നു.


[കടപ്പാട് : Joseph Antony, ഹരിശ്രീ, മാതൃഭൂമി, തൊഴില്‍വാര്‍ത്ത]