Friday, November 5, 2010

ഗൂഗിള്‍ അല്‍പം ചരിത്രം

അറുപതുകളുടെ അവസാനം അമേരിക്കന്‍ പ്രതിരോധവകുപ്പിന്‍റെ പരീക്ഷണ പദ്ധതിയായി തുടങ്ങിയ ഇന്‍റര്‍നെറ്റിന് സ്വന്തമായി ഒരു അസ്തിത്വം ഉണ്ടാകുന്നത് 1989ല്‍ ടിം ബര്‍ണേഴ്സ് ലീ വേള്‍ഡ് വൈഡ് വെബ് (www) രൂപപ്പെടുത്തുന്നതോടെയാണ്. എന്നാല്‍ മടുപ്പില്ലാത്ത അനുഭവമായി ഇന്‍റര്‍നെറ്റ് മാറാനും തേടുന്ന വിവരങ്ങള്‍ കൃത്യമായി അവിടെ നിന്ന് കണ്ടെത്താനും ഗൂഗിള്‍ രംഗത്തെത്തേണ്ടതുണ്ടായിരുന്നു. ഗൂഗിളാണ് ഇന്‍ര്‍നെറ്റ് ഉപയോഗത്തെ ഫലവത്തായ ഒരു പ്രക്രിയയായി രൂപപ്പെടുത്തിയത്. ശരിക്കും വിവരശേഖരണത്തിനുള്ള ഉപാധിയായി ഇന്‍റര്‍നെറ്റിനെ ഗൂഗിള്‍ മാറ്റി.ഗൂഗിളിന്‍റെ ചരിത്രം തുടങ്ങുന്നത് 1996 ജനുവരിയിലാണ്. കാലിഫോര്‍ണിയയിലെ പാലോ ഓള്‍ട്ടയില്‍ സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളായിരുന്ന ലോറന്‍സ്പേജ് (ലാറിപേജ്), സെര്‍ജിബ്രിന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗവേഷണ പദ്ധതിയില്‍ നിന്ന്, വെബ്ബ് പേജുകളെ അവയുടെ പ്രാധാന്യമനുസരിച്ച് തിരഞ്ഞു കണ്ടെത്താന്‍ സഹായിക്കുന്ന പേജ് റാങ്ക് (Page Rank) എന്ന ഗണിതസമീകരണം (algorithm) ആണ് ഗൂഗിളിന്‍റെ ആത്മാവ്. പേജ്റാങ്ക് സംബന്ധിച്ച ആശയം ലാറിയാണ് ആദ്യം മുന്നോട്ടു വെച്ചത്. ലാറിക്കൊപ്പം സെര്‍ജിയും കൂടി ചേര്‍ന്ന് അതിനെ പുതിയൊരു സെര്‍ച്ച് എഞ്ചിനായി രൂപപ്പെടുത്തി. 'ഓള്‍ട്ടവിസ്റ്റ' ഉള്‍പ്പെടെ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സെര്‍ച്ച് എഞ്ചിനുകളെക്കാളും മികച്ച സെര്‍ച്ച്ഫലം നല്‍കാന്‍ കഴിവുള്ളതായിരുന്നു ഗൂഗിള്‍, മറ്റ് സെര്‍ച്ച് എഞ്ചിനുകളെല്ലാം പ്രാധാന്യം തിരിച്ചറിയാതെ ഒരു കൂട്ടം വെബ്ബ് പേജുകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലെത്തിക്കുമ്പോള്‍ ‍, അപ്രധാനമായത് പിന്നിലേക്ക് തള്ളി പ്രാധാനപ്പെട്ട വെബ്ബ്പേജുകളെ ആദ്യം സ്ക്രീനിലെത്തിക്കുന്നു ഗൂഗിള്‍. 1997 സെപ്റ്റംബര്‍ 15ന് ഗൂഗിള്‍ ഡോട്ട് കോം എന്ന ഡൊമെയിന്‍ നാമം റജിസ്റ്റര്‍ ചെയ്യപ്പെട്ടു. (പേജ് റാങ്കിന് 2001 സെപ്റ്റബര്‍ നാലിനാണ് പേറ്റന്‍റ് ലഭിച്ചത്. യു.എസ്. പേറ്റന്‍റ് നമ്പര്‍ 6,285,999 ലാറിപേജാണ് അതിന്‍റെ ഉപജ്ഞാതാവെന്ന് പേറ്റന്‍റ് രേഖകളില്‍ പറയുന്നു.)
തങ്ങള്‍ കണ്ടെത്തിയ സാങ്കേതിക വിദ്യ പത്തു ലക്ഷം ഡോളറിന് 'ഓള്‍ട്ടവിസ്റ്റക്ക്' കൈമാറിയ ശേഷം സ്റ്റാന്‍ഫഡില്‍ പഠനം തുടരാനായിരുന്നു. ലാറിയുടെയും സെര്‍ജിയുടെയും പരിപാടി. പക്ഷേ ഓള്‍ട്ടവിസ്റ്റ ആ റിസ്ക്കിന് തയ്യാറായില്ല, യാഹുവിന് ഗൂഗിള്‍ കൈമാറാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല, അമേരിക്ക ഓണ്‍ലൈനും (എ.ഒ.എല്‍ ) ഗൂഗിളിനെ കയ്യൊഴിഞ്ഞു ഒടുവില്‍ പഠനം തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ച് ഗൂഗിള്‍ കമ്പനി തുടങ്ങേണ്ട ഗതികേടില്‍ എത്തി ലാറിയും സെര്‍ജിയും. പക്ഷേ അതിന് പണം വേണം. അങ്ങിനെയാണ് ഇരുവരും ആന്‍ഡി ബെച്ചോള്‍ഷീം എന്ന കോടീശ്വരനായ നിക്ഷേപകനെ സമീപിക്കുന്നത്. സണ്‍ മൈക്രോസിസ്റ്റംസിന്‍റെ സ്ഥാപകരില്‍ ഒരാളായ ബെച്ചോള്‍ഷീം, പുതിയ സാങ്കേതിക വിദ്യയെപ്പറ്റിയുള്ള ആദ്യവിവരണത്തില്‍ തന്നെ വീണു. ലാറിയും സെര്‍ജിയും എല്ലാ വിശദാംശങ്ങളും പറഞ്ഞു തീരാന്‍ പോലും അദ്ദേഹം കാത്തുനിന്നില്ല "എന്തുകൊണ്ട് ഒരു ലക്ഷം ഡോളറിന്‍റെ ചെക്ക് നിങ്ങള്‍ക്ക് വേണ്ടി എഴുതിക്കൂട" അദ്ദേഹം ചോദിച്ചു. ഗൂഗിള്‍ ഇന്‍കോപ്പറേറ്റഡ് എന്ന കമ്പനിക്കാണ് അദ്ദേഹം ചെക്കെഴുതിയത്. അങ്ങിനെ ഒരു കമ്പനി അന്ന് ഭൂമിയില്‍ ഇല്ല. ചെക്കുമാറാനായി ലാറിക്കും സെര്‍ജിക്കും ആ പേരിലുള്ള കമ്പനി തുടങ്ങേണ്ടി വന്നു.


[കടപ്പാട് : Joseph Antony, ഹരിശ്രീ, മാതൃഭൂമി, തൊഴില്‍വാര്‍ത്ത]

No comments:

Post a Comment