Friday, November 5, 2010

ഗൂഗിള്‍ തിന്മ ചെയ്യാതെ പണമുണ്ടാക്കാനുള്ള വഴി

ഗൂഗിളിന്‍റെ ഹോംപേജിന്‍റെ അത്ര ലളിതമായ ഒരു സ്ഥലം നെറ്റില്‍ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. വെള്ള പ്രതലത്തില്‍ അടിസ്ഥാന വര്‍ണ്ണങ്ങളിലുള്ള ലോഗോയോടെ ഗൂഗിളിന്‍റെ ഹോം പേജ് അങ്ങനെ രൂപകല്‍പ്പന ചെയ്തത് സെര്‍ജി ബ്രിന്‍ ആണ്. സെര്‍ച്ച് ചെയ്യാനെത്തുന്നവര്‍ക്ക് മാത്രം സ്ഥാനമുള്ളതെന്ന് തോന്നിക്കുന്ന ഒരിടം. ഇന്‍റര്‍നെറ്റിലെ ഏറ്റവും മൂല്യമേറിയ റിയല്‍ എസ്റ്റേറ്റാണ് ഗൂഗിള്‍ ഹോംപേജ്, ആ പേജില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു സ്ഥാപനവും ലോകത്ത് ഉണ്ടാവില്ല. പക്ഷേ തങ്ങളുടെ ഹോംപേജ് പണത്തിനായി ഉപയോഗിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. ഗൂഗിളിന്‍റെ പ്രഖ്യാപിത മുദ്രവാക്യത്തെ സാധൂകരിക്കുന്നു ഈ നിലപാട്. 'തിന്മ അരുത് (Don't be evil)' എന്നതാണ് ഗൂഗിളിന്‍റെ പ്രമാണ വാക്യം മാത്രമല്ല സെര്‍ച്ച് ഉള്‍പ്പെടെ ഗൂഗിളിന്‍റെ ഭൂരിപക്ഷം സര്‍വ്വീസുകളും സൌജന്യമാണ്, ആരും പണം കൊടുത്ത് ഗൂഗിള്‍ ഉപയോഗിക്കേണ്ടതില്ല. ആ നിലക്ക് ഗൂഗിള്‍ എങ്ങിനെ പണമുണ്ടാക്കുന്നു എന്നത് പലര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. വെറുതേ പണമുണ്ടാകില്ലല്ലോ. ഒന്നുമില്ലായിമയില്‍ നിന്ന് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കോടി ഡോളര്‍ കമ്പനിയായി മാറാന്‍ പണം കൊയ്താലെ കഴിയൂ. ശരിക്കു പറഞ്ഞാല്‍ ഗൂഗിള്‍ അതാണ് ചെയ്യുന്നത് 'തിന്മയരുത്' എന്ന മുദ്രാവാക്യം മുറുകെ പിടിച്ചു കൊണ്ട് തന്നെ ലാറിയും സെര്‍ജിയും ഇന്ന് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ കൂട്ടത്തിലാണ്.
ഗൂഗിള്‍ പണമുണ്ടാക്കാന്‍ തുടങ്ങുന്നത് 2000 ലാണ്. സെര്‍ച്ചില്‍ നിന്ന് എങ്ങനെ കാശുണ്ടാക്കാം എന്നതിന് ഒരു മാതൃക കണ്ടെത്തുകയാണ് ഗൂഗിള്‍ ചെയ്തത്. കമ്പനിയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ മുന്നേറ്റമായിരുന്നു അത്. BsTs.esl എന്ന കമ്പനി (പിന്നീടത് ഓവര്‍ടൂര്‍ എന്ന് പേര് മാറ്റി യാഹു അതിനെ വിലക്ക് വാങ്ങുകയും ചെയ്തു) തുടങ്ങി വെച്ച പരസ്യമാതൃകയാണ് തങ്ങളുടെ സെര്‍ച്ച് എഞ്ചിന്‍റെ സാദ്ധ്യതയുപയോഗിച്ച് ഗൂഗിള്‍ വിപുലീകരിച്ചത്. സെര്‍ച്ച് ഫലങ്ങള്‍ക്കൊപ്പം സ്പോണ്‍സേര്‍ഡ് ലിങ്ക്സ് എന്ന പേരില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രീതിയാണത്. സെര്‍ച്ച് ചെയ്യുന്ന വിഷയം എന്താണോ അതിനുസരിച്ചുള്ള സ്പോണ്‍സേര്‍ഡ് ലിങ്കായിരിക്കും സ്ക്രീനിന്‍റെ വലത് വശത്ത് പ്രത്യക്ഷപ്പെടുക, പരസ്യം അതിന്‍റെ ഏറ്റവും നിര്‍ണ്ണായകമായ വേളയില്‍ (ഒരാള്‍ വിവരം തേടിയെത്തുന്ന സമയത്ത്) മുന്നിലെത്തിക്കുകയാണ് ഇതിലൂടെ സംഭവിക്കുക. ആരെങ്കിലും പരസ്യ ലിങ്കുകളില്‍ ക്ലിക്കു ചെയ്താല്‍ പരസ്യം നല്‍കിയ സ്ഥാപനം ഗൂഗിളിന് ഒരു നിശ്ചിത സംഖ്യ കൊടുക്കുണം അങ്ങനെ സ്പോണ്‍സേര്‍ഡ് ലിങ്കുകളിലെ ഓരോ ക്ലിക്കും ഗൂഗിളിന്‍റെ എക്കൌണ്ടിലേക്ക് പണമായി എത്തുന്നു. സെര്‍ച്ച് ചെയ്യുന്നയാള്‍ ക്ലിക്കു ചെയ്താല്‍ മാത്രം കാശു കൊടുത്താല്‍ മതി എന്നതിനാല്‍ കമ്പനികള്‍ക്കും ഇതാണ് നല്ലത്, മാത്രമല്ല ആഡ്സെന്‍സ് (AdSense) എന്ന പേരിലുള്ള ഗൂഗിളിന്‍റെ സേവനം സ്വന്തമായി വെബ്ബ്സൈറ്റോ, ബ്ലോഗോ ഉള്ള ആര്‍ക്കും പ്രയോജനപ്പെടുത്താം. എന്താണ് സംഭവിക്കുന്നതെന്ന് പ്രതിയോഗികള്‍ മനസ്സിലാക്കുമ്പോഴേക്കും ആയിരക്കണക്കിന് കമ്പനികളുമായി ഗൂഗിള്‍ സ്ഥാപകര്‍ പരസ്യദാതാക്കളെന്ന നിലയില്‍ കാര്‍ ഒപ്പു വെച്ച് കഴിഞ്ഞിരുന്നു. അങ്ങനെ ഗൂഗിള്‍ ലോകത്തിലെ ഏറ്റവും വലിയ പരസ്യദാതാവുകൂടിയായി.
ഗൂഗിളില്‍ സേര്‍ച്ചു ചെയ്യപ്പെടുന്ന വാക്കുകള്‍ക്കൊപ്പം തങ്ങളുടെ പരസ്യം പ്രത്യക്ഷപ്പെടാന്‍ ഏത് കമ്പനിക്കും ഗൂഗിളിന്‍റെ ലേലത്തില്‍ പങ്ക് ചേരാം. ആഡ് വേര്‍ഡ്സ് (AdWords) എന്ന പേരിലാണ് ഈ സേവനം അറിയപ്പെടുന്നത്. ആഡ് വേര്‍ഡും, ആഡ് സെന്‍സും കൂടി 2005ല്‍ മാത്രം ഗൂഗിളിന് നേടിക്കൊടുത്ത വരുമാനം 610 കോടി ഡോളര്‍ (27450 കോടി രൂപ) ആണ് ഇന്‍റര്‍നെറ്റ് യുഗത്തിന് ചേര്‍ന്ന പുതിയൊരു ബിസിനസ്സ് മാതൃകയാണ് ഗൂഗിള്‍ നടപ്പാക്കിയത്.

No comments:

Post a Comment