Friday, November 5, 2010

ഗൂഗിളിന്‍റെ സാരഥികള്‍

സാങ്കേതിക വിദ്യയുടെയോ ബിസിനസ്സിന്‍റെയോ രംഗത്ത് ഇത്തരമൊരു ചങ്ങാത്തം കണ്ടെത്തുക പ്രയാസം 1995ല്‍ സ്റ്റാന്‍ഫഡില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് സെര്‍ജി ബ്രിനും ലാറി പേജും ആദ്യമായി പരസ്പരം പരിചയപ്പെട്ടത് ക്രിയാത്മകതയുടെയും ബൌദ്ധികതയുടെയും എന്തോ ഒരു രസതന്ത്രം ഇരുവരെയും ആകര്‍ഷിച്ചു ശക്തമായി അടുപ്പിച്ചു അത് ഗൂഗിളിന് പിറവി നല്‍കി ലോകത്തെ കൂടുതല്‍ നല്ല സ്ഥലമാക്കി  മാറ്റി ആ അടുപ്പം ഇപ്പോഴും തുടരുന്നു. സമാനതകളില്ലാതെ, ഗൂഗിളിന്‍റെ ഓരോ മുന്നേറ്റത്തിലും ഈ ഇവരുടെ കൈമുദ്ര കാണാനാകും പുതുമ നശിക്കാതെ ഗുഗിളിനെ മുന്നോട്ടു നയിക്കുമ്പോള്‍ തന്നെ ലോകത്തെ എല്ലാ വിവരങ്ങളും കോര്‍ത്തിണക്കിയ ഒരു വിവര ശേഖരം ഇവര്‍ സ്വപ്നം കാണുന്നു. ആ വിവരശേഖരത്തില്‍ ഓഫ് ലൈന്‍വിജ്ഞാനം എന്നു കരുതാവുന്ന പുസ്തകങ്ങള്‍ (ഗൂഗിള്‍ ബുക്ക് സേര്‍ച്ച്) മുതല്‍ ജനിതക വിവരങ്ങള്‍ വരെ ഉള്‍പ്പെടും
മനുഷ്യജീനുകളിലും ഡി.എന്‍.എ. ശ്രേണികളിലും തിരച്ചില്‍ നടത്തി ഒരാള്‍ക്ക് സ്വന്തം വിധി കണ്ടെത്താവുന്ന കാലമാണ് ഗൂഗിളിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്ന്. സെലേറ ജിനോമിക്സ് എന്ന കമ്പനി സ്ഥാപിച്ച് ആഗോള സംരഭമായ ഹ്യൂമണ്‍ ജിനോം പദ്ധതിയെ ഒറ്റക്ക് വെല്ലുവിളിച്ച് മാനവജിനോം കണ്ടെത്തിയ സാക്ഷാല്‍ ക്രേയ് വെന്‍ററാണ് ഇക്കാര്യത്തില്‍ ഗൂഗിളിന്‍റെ ഉപദേഷ്ടാവും സഹായിയും, ഭൂമിയിലെ മാത്രമല്ല അന്യഗ്രഹങ്ങളിലെയും വിവരങ്ങള്‍ ഗൂഗിളിന്‍റെ ശേഖരത്തില്‍ ഉള്‍പ്പെടുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഗൂഗിളും തമ്മില്‍ ഒപ്പുവെച്ച സ്പേസ് എഗ്രിമെന്‍റ്  ആക്‌ട് വ്യക്തമാക്കുന്നത്. നാസയുടെ ഏറ്റവും ഉപയോഗ യോഗ്യമായ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കുകയാണ് കരാറിന്‍റെ ലക്ഷ്യം. താമസിയാതെ ഗൂഗിള്‍ എര്‍ത്ത് പോലെ ചന്ദ്രന്‍റെയും ചൊവ്വയ്യുടെയും ത്രിമാന മാപ്പുകള്‍ വെറുമൊരു മൌസ് ക്ലിക്കിന്‍റെ അകലത്തില്‍ ഗൂഗിളിന്‍റെ ഇന്‍റര്‍നെറ്റിലെത്തും.
തികച്ചും വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ നിന്നാണ് ലാറിയും, സെര്‍ജിയും വരുന്നതെങ്കിലും ഇരുവര്‍ക്കും പൊതുവായ ഒരു പശ്ചാത്തലമുണ്ടായിരുന്നു. കംപ്യൂട്ടറിന്‍റെ രണ്ടാംതലമുറ ഉപഭാക്താക്കളായിരുന്നു ഇവരും, കുട്ടിക്കാലത്തു തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാനും ഇവര്‍ക്ക് രണ്ടാള്‍ക്കും സ്വന്തം വീടുകളില്‍ തന്നെ അവസരമുണ്ടായി സങ്കീര്‍ണ്ണമായ ഗണിത സമീകരണങ്ങളും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുമായി മല്ലിടുന്നവരായിരുന്നു ഇവരുടെയും മാതാപിതാക്കള്‍, പ്രശസ്തമായ മോണ്ടിസ്റ്റോറി സ്ക്കൂളിലാണ് ഇരുവരും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന പൊതു പശ്ചാത്തലവുമുണ്ട്.
അറുപതുകളില്‍ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ആദ്യമായി കമ്പ്യൂട്ടര്‍ ബിരുദം നേടുന്നവരിലൊരാളായിരുന്നു ലാറിയുടെ പിതാവ് കാള്‍വിക്‌ടര്‍ പേജ്, ലാറിയുടെ മാതാവ് ജൂതവംശജയായ ഗ്ലോറിയ പേജും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമുള്ള വ്യക്തിയായിരുന്നു. 1972 ഡിസംബര്‍ 12ന് ജനിച്ച ലാറി ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ സാഹചര്യത്തില്‍ ആണ് വളര്‍ന്നത്. വേര്‍പിരിഞ്ഞെങ്കിലും ലാറിയെ നല്ല രീതിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ധാരണയിലെത്തിയിരുന്നു. ലാറിയുടെ പിതാവുമായി ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്ന മിഷിഗണ്‍ പ്രൊഫസര്‍ ജോയിസ് വൈല്‍ഡെന്താളിന്‍റെയും സ്വന്തം അമ്മയുടെയും സ്നേഹലാളനങ്ങല്‍ ഏറ്റാണ് ലാറി വളര്‍ന്നത്.
സെര്‍ജിയുടെ കുടുംബവും ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ശക്തമായ അടിത്തറയുള്ള ഒന്നായിരുന്നു. പിതാവ് മൈക്കല്‍ ബ്രിന്‍ മേരിലന്‍ഡ് സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്ര അദ്ധ്യാപകന്‍, മാതാവ് യൂജീനിയ ബ്രിന്‍ നാസയുടെ ഗോദാര്‍ദ്ദ് സ്പേസ് ഫ്ളൈറ്റ് സെന്‍ററിലെ പ്രമുഖ ശാസ്ത്രജ്ഞ, 1973 ആഗസ്റ്റ് 21ന് മോസ്കോയിലാണ് സെര്‍ജിയുടെ ജനനം. റഷ്യന്‍ ജൂതകുടുംബമമായിരുന്നു സെര്‍ജിയുടേത്. സെര്‍ജിക്ക് ആറ് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറി പത്തൊന്‍പതാമത്തെ വയസ്സില്‍ തന്നെ അണ്ടര്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി ഗവേഷണ വിദ്യാര്‍ത്ഥിയാകാന്‍ വേണ്ട പത്ത് പരീക്ഷയും ഒറ്റയടിക്ക് പാസ്സായാണ് സെര്‍ജി സ്റ്റാന്‍ഫഡില്‍ എത്തുന്നത്. സ്റ്റാന്‍ഫഡ് ക്യാമ്പസ്സില്‍ ലാറിയും സെര്‍ജിയും കണ്ടുമുട്ടുമ്പോഴൊക്കെ അവസാനിക്കാത്ത തര്‍ക്കങ്ങളിലും ആലോചനകളിലും ഇരുവരും പെടുമായിരുന്നു. ആ തര്‍ക്കവും ആലോചനകളുമായാണ് സെര്‍ച്ചിങ്ങിന്‍റെ തന്നെ പര്യായമായ ഗൂഗിളിന് വഴി തെളിയിച്ചത്.

No comments:

Post a Comment