Sunday, November 7, 2010

ഗൂഗിളിന്‍റെ സ്റ്റോപ്പില്ലാത്ത ബസ് സര്‍വ്വീസ്

ഇമെയില്‍ എന്ന സങ്കല്‍പ്പത്തെ അതിവേഗത്തില്‍ മാറ്റി എഴുതിക്കൊണ്ടിരിക്കുകയാണ് ഗൂഗിള്‍. ജിമെയിലില്‍ ഒട്ടേറെ അധിക സേവനങ്ങളുള്‍പ്പെടുത്തുന്ന ഗൂഗിളിന്‍റെ ശീലത്തിന്‍റെ മറ്റൊരു പരീക്ഷണമാണ് ഗൂഗിള്‍ ബസ് (Google Buzz). സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നവ പരിചിതമായവര്‍ക്ക് ഗൂഗിള്‍ ബസ് പുതിയൊരനുഭവം പകരും.
എന്താണ് ഗൂഗിള്‍ ബസ്:-
ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുന്നതിന് സമാനമായി നിങ്ങള്‍ക്ക് സന്ദേശം അയക്കാനുള്ള സംവിധാനമാണ് ബസില്‍ ഒരുക്കിയിരിക്കുന്നത്. ട്വിറ്ററിനെപ്പോലെ 140 അക്ഷരങ്ങളുടെ പരിമിതി ഇവിടെ ഇല്ല എന്നതാണ് ഏറ്റവും പ്രധാനം. അതിനാല്‍ തന്നെ യു.ആര്‍. എല്ലുകളൊന്നും (Universal Resource Locater) ചുരുക്ക രൂപത്തിലേക്ക് മാറ്റേണ്ടതില്ല. ഇതുവഴി ചുരുക്ക യു.ആര്‍.എല്ലുകള്‍ തെറ്റായ വെബ്സൈറ്റികളിലേക്ക് നയിക്കുന്ന പ്രവണതക്ക് തടയിടുകയും ചെയ്യാം.
ഓരോ ബസ് സന്ദേശങ്ങളും ജിമെയിലിലെ ഇമെയില്‍ സന്ദേശങ്ങളുടെ സവിശേഷതയായ സംഭാഷണ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും ബസിന്‍റെ പ്രധാന പ്രത്യേകതയാണ്. നിങ്ങള്‍ നടത്തുന്ന ബസുകള്‍ക്കുള്ള മറുപടിയും അവയ്ക്ക് സുഹൃത്തുക്കള്‍ നല്‍കുന്ന കമന്‍റുകളും അതിനോടനുബന്ധിച്ച് നടക്കുന്ന സംവാദങ്ങളുമെല്ലാം ഒറ്റ ത്രഡില്‍ കൂട്ടി ചേര്‍ക്കുന്നു.
ഇതോടൊപ്പം ട്വിറ്ററിന്‍റെ ചില സുപ്രധാന സ്വഭാവ സവിശേഷതകള്‍ ബസിലേക്ക് അതേ രൂപത്തില്‍ എത്തിപ്പെടുന്നുണ്ട്. മറുപടി സന്ദേശങ്ങള്‍ക്കായി ട്വിറ്റര്‍ തയ്യാറാക്കിയ @ സിന്‍റാക്സ് ബസിലും അതേപടി പ്രയോഗിക്കാം.
ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയെല്ലാം പങ്കുവെക്കാനും ബസ് അവസരമൊരുക്കുന്നു. ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്നതിന് ജിമെയില്‍ തനതായ രീതി സ്വീകരിച്ചിരിക്കുന്നു. ചിത്രങ്ങളുടെ തമ്പ് നെയിലിനു മുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫുള്‍ സൈസിലുള്ള ചിത്രം അതേ വിന്‍ഡോയില്‍ തന്നെ അപ്ഡേറ്റ് സ്ട്രീമായി പ്രത്യക്ഷപ്പെടുന്നു. ഇതിനാല്‍ ബസ് വിന്‍ഡോയില്‍ നിന്ന് പുറത്ത് പോകേണ്ട ആവശ്യം പൂര്‍ണ്ണമായി ഒഴിവാക്കുന്നു. വീഡിയോ ആവശ്യമാണെങ്കില്‍ ബസ് വിന്‍ഡോയില്‍ വെച്ചു തന്നെ സ്ട്രീം ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ബസ് റാങ്കിംഗ്:-
ബസ് സന്ദേശങ്ങളെ റാങ്ക് ചെയ്യുന്ന ഒരു പ്രത്യേക സംവിധാനവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. അതായത് നിങ്ങള്‍ക്കിഷ്ടപ്പെടാനിടയുള്ള സംവാദങ്ങളും സംഭാഷണങ്ങളും ഗൂഗിള്‍ റെക്കമെന്‍റ് ചെയ്യുന്ന സംവിധാനമാണിത്. നിങ്ങളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട സംഭാഷണങ്ങളാണ് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ ഗൂഗിള്‍ ബസില്‍ ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ പോലും നിങ്ങളുടെ സുഹൃത്തുക്കള്‍ നടത്തിയ സംഭാഷണങ്ങളില്‍ രസകരമായവ നിങ്ങള്‍ക്ക് ലഭിക്കുന്നു. അതിനോട് നിങ്ങള്‍ക്ക് കമന്‍റ് ചെയ്യുകയുമാവാം.
ഇതു കൂടാതെ സംഭാഷണം നടക്കാത്തതോ അല്ലെങ്കില്‍ ഇന്‍ആക്ടീവ് ആയതോ ആയ ത്രെഡുകള്‍ മിനിമൈസ് ചെയ്ത് ഹൈഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഒരു സുഹൃത്തിന്‍റെ തന്നെ ഒട്ടേറെ ഇന്‍ആക്ടീവ് ത്രെഡുകള്‍ ഉണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഒറ്റ ഗ്രൂപ്പായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.
ഏത് സ്റ്റോപ്പില്‍ നിന്ന് ബസ് കിട്ടും:-
ജിമെയില്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഗൂഗിള്‍ ബസിന്‍റെ ഉപയോക്താക്കളാകാം. ഇതിനകം തന്നെ ഒട്ടേറെ ജിമെയില്‍ ഉപയോക്താക്കള്‍ ഇതില്‍ അംഗമായിക്കഴിഞ്ഞിട്ടുണ്ടാകും. ജിമെയിലില്‍ പുതിയ അംഗത്വമെടുക്കുന്നവര്‍ക്കും കുറേക്കാലത്തിനുശേഷം ലോഗിന്‍ ചെയ്യുന്നവര്‍ക്കുമെല്ലാം ബസിനെക്കുറിച്ചുള്ള വിവരം ആദ്യമേ തന്നെ ജിമെയില്‍ നല്‍കുന്നുണ്ട്.
ബസ് പിടിക്കാമെന്ന് വെച്ചാല്‍‍:-
ഗൂഗിള്‍ ബസില്‍ കയറാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ജിമെയിലില്‍ Inbox എന്നതിനുതാഴെ Buzz എന്ന പുതിയ ഒരു ലിങ്ക് കൂടി കാണാന്‍ സാധിക്കും. ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ വിവിധ ബസ് സന്ദേശങ്ങളുടെ ത്രെഡുകള്‍ കാണാം. ഇവയെല്ലാം ഒരു ജിമെയില്‍ സന്ദേശം കൈകാര്യം ചെയ്യുന്നതുപോലത്തന്നെ കൈകാര്യം ചെയ്യാം ഏതെങ്കിലുമൊരു ത്രഡില്‍ നിങ്ങള്‍ക്ക് കമന്‍റ് ചെയ്യണമെന്നുണ്ടെങ്കില്‍ അതിനുതാഴെ കാണുന്ന Comment Box ഉപയോഗിക്കാം.
Buzz എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും മുകളില്‍ത്തന്നെ നിങ്ങള്‍ക്ക് സന്ദേശം അടയ്ക്കാനുള്ള ടെക്സ്റ്റ് ബോക്സ് കാണാം. ബസില്‍ പുതിയതായി എത്തിയവരാണെങ്കില്‍ ബസ് ത്രെഡ് തുടങ്ങുന്നതിന് മുമ്പായി നിങ്ങളുടെ പ്രൊഫൈല്‍ തയ്യാറാക്കണം. ഇതോടൊപ്പം നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇപ്പോള്‍ ബസ് ഉപയോഗിക്കുന്നവരുടെ വിവരം ഗൂഗിള്‍ പ്രദര്‍ശിപ്പിക്കും. അതില്‍ നിങ്ങളുടെ ബസ് ഫോളോ ചെയ്യുന്നവരെയും കാണാന്‍ സാധിക്കും ഇവരെ ഫോളോ ചെയ്യാം.
ഇനി മെസേജ് ടെക്സ്റ്റ് ബോക്സില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സന്ദേശം ടൈപ്പ് ചെയ്ത് Post ബട്ടനില്‍ അമര്‍ത്തുക. ഇതോടെ നിങ്ങളെ ഫോളോ ചെയ്യുന്നവരുടെ ജിമെയിലിലേക്ക് ഈ സന്ദേശം അയക്കപ്പെടും, നിങ്ങളുടെ ബസ് സന്ദേശങ്ങള്‍ പബ്ലിക്കോ, പ്രൈവറ്റോ ആയി അയക്കാം.
നേരം വൈകിയാണെങ്കിലും ബസ് വന്നാല്‍ :-
ഇനി നിങ്ങള്‍ക്ക് ഒരു ബസ് സന്ദേശം വന്നാല്‍ എങ്ങിനെയാണ് അറിയുക ? സാധാരണ ഗതിയില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന രസകരമായ സംഭാഷണങ്ങള്‍ Buzz ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണാം. കൂടാതെ നിങ്ങള്‍ അയച്ച ബസ് സന്ദേശങ്ങളും അവയ്ക്കുള്ള മറുപടിയും ഇവിടെ കാണാം.
ഇതുകൂടാതെ നിങ്ങള്‍ തുടങ്ങിയതോ അല്ലെങ്കില്‍ കമന്‍റ് ചെയ്തതോ ആയ ത്രെഡില്‍ പുതുതായി വരുന്ന എല്ലാ സന്ദേശങ്ങളുടെ അലെര്‍ട്ട് Inboxലും പ്രത്യക്ഷപ്പെടും. ഈ സന്ദേശങ്ങളുടെ Subject ലൈനിന്‍റെ തുടക്കത്തില്‍ Buzz എന്നുണ്ടാകും.
കണക്റ്റഡ് സൈറ്റുകള്‍:-
ട്വിറ്റര്‍ പോലുള്ള മറ്റു സൈറ്റുകളില്‍ സജീവരായ ഉപയോക്താക്കള്‍ക്ക് അവിടെ നടത്തുന്ന ആക്ടിവിറ്റികള്‍ ബസുമായി കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ട്വിറ്റര്‍, പിക്കാസ, യൂട്യൂബ്, ഫ്ളിക്കര്‍, ബ്ലോഗര്‍, ഗൂഗിള്‍ റീഡര്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എങ്കിലും ട്വിറ്ററിലേക്ക് നേരിട്ട് മെസേജ് ചെയ്യാനുള്ള സൌകര്യം ഇപ്പോള്‍ നിലവിലില്ല.
ഗൂഗിള്‍ ബസ് വെബ്ബിനു പുറമെ മൊബൈലിലും ലഭ്യമാണ്. ഗൂഗിളിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതൊടൊപ്പം കൂട്ടിയിണക്കിയിട്ടുണ്ട്. സന്ദേശങ്ങള്‍ക്കനുസൃതമായി ലൊക്കേഷന്‍ പ്രദര്‍ശിപ്പിക്കുന്ന ഗൂഗിള്‍ മാപ്സ് ഒരു ഉദാഹരണം മാത്രം.
ബസില്‍ നിന്ന് പാതിവഴിക്കിറങ്ങണമെങ്കില്‍:-
ഗൂഗിള്‍ ബസ് ഉപയോഗിച്ച ശേഷം തനിക്കിതാവശ്യമില്ല എന്ന് തോന്നുന്നുവെങ്കില്‍ ഇതൊഴിവാക്കാനുള്ള സംവിധാനവുമുണ്ട്. ജിമെയിലിലെ Settings ലിങ്ക് ക്ലിക്ക് ചെയ്താല്‍ Buzz എന്ന പുതിയൊരു ലിങ്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ Buzz Choiceല്‍ Show Google Buzz in Gmail എന്ന ഓപ്ഷനായിരക്കും ആക്ടീവായിരിക്കുക. Do not show Google Buzz in Gmail എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ബസ് ജിമെയിലില്‍ പ്രദര്‍ശിപ്പിക്കില്ല. എങ്കിലും മൊബൈലില്‍ ബസ് ലഭ്യമായിരിക്കും.
ഇനി ബസ് ഡിസേബിള്‍ ചെയ്യാനാണെങ്കില്‍ താഴെ Disable Google Buzz എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഇതോടെ ബസ് ജിമെയിലില്‍ നിന്നൊഴിവാകുന്നതിനു പുറമെ നിങ്ങളുടെ ബസ് പ്രൊഫൈലും, ബസ് പോസ്റ്റുകളും ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. കൂടാതെ കണക്റ്റഡ് സൈറ്റുകളില്‍ ഡിസ്കണക്റ്റ് ചെയ്യുകയും നിങ്ങള്‍ ഫോളോ ചെയ്യുന്നവരെയെല്ലാം അണ്‍ഫോളോ ചെയ്യുകയും ചെയ്യും

No comments:

Post a Comment