Saturday, November 6, 2010

ഗൂഗിള്‍ പണം കായ്ക്കുന്ന മരം

ആധുനിക സമൂഹത്തില്‍ ഇന്‍റര്‍നെറ്റ് എത്രമാത്രം സ്ഥാനം നേടിയിരിക്കുന്നു എന്നറിയാന്‍ ഗൂഗിള്‍ നേടിയ പണത്തിന്‍റെ കണക്ക് നോക്കിയാല്‍ മതി. 1995ല്‍ ഗൂഗിളിന്‍റെ ആകെ വരുമാനം 610 കോടി ഡോളറും (27450 കോടി രൂപ) ലാഭം 150 കോടി ഡോളറും (6750 കോടി രൂപ) ആയിരുന്നു. 2000 മാണ്ട് വരെ ഒരു ഡോളര്‍ പോലും വരുമാനമില്ലാതിരുന്ന കമ്പനിയായിരുന്നു ഗൂഗിള്‍ എന്നോര്‍ക്കുക. ഇത്ര കുറഞ്ഞ സമയം കൊണ്ട് അതും ഒരു വായ്പയെടുക്കാതെ ഒരു പരസ്യവും നല്‍കാതെ ഇത്രയും വരുമാനമുണ്ടാക്കിയ കമ്പനി ലോകത്ത് വേറെ കാണില്ല. 2006 രണ്ടാംപകുതിയിലെ കണക്കുകള്‍ പ്രകാരം പരസ്യത്തില്‍ നിന്നുള്ള ഗൂഗിളിന്‍റെ വരുമാനം (ഗൂഗിളിന് വേറെ വരുമാന മാര്‍ഗ്ഗമില്ല) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. ഗൂഗിളിന്‍റെ ആകെ വരവില്‍ പകുതി ലഭിക്കുന്നത് ഗൂഗിള്‍ ഡോട്ട് കോംമില്‍ നിന്നും അനുബന്ധ സേവനങ്ങളില്‍ നിന്നുമാണ് ബാക്കി പകുതി ഗൂഗിള്‍ പരസ്യങ്ങളുടെ സേവനം ഉപയോഗിക്കുന്ന ലക്ഷണക്കിന് മറ്റു സൈറ്റുകളില്‍ നിന്നും.
1999ലെ ബാലന്‍സ് ഷീറ്റ് പ്രകാരം ഗൂഗിളിന്‍റെ വരുമാനം വെറും 2.2 ലക്ഷം ഡോളറും ചിലവ് 67 ലക്ഷം ഡോളറും ആയിരുന്നു. 2000ല്‍ വരവ് 191 ലക്ഷം ഡോളറും ചിലവ് 338 ലക്ഷം ഡോളറുമായി നഷ്ടം 147 ലക്ഷം ഡോളര്‍, 2001ല്‍ കമ്പനി ആദ്യമായി ലാഭത്തിലായി 70 ലക്ഷം ഡോളര്‍ പിന്നെ ഗൂഗിളിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒരു പബ്ലിക്ക് ലിമിറ്റഡ് കമ്പനിയാകാന്‍ വേണ്ടി 2004 ആഗസ്റ്റ് 19നാണ് ഗൂഗിള്‍ ആദ്യ ഓഹരി വില്‍പ്പന (IPO) നടത്തിയത്. ലോക ഓഹരി കമ്പോളത്തിന്‍റെ നട്ടെല്ലായ വാള്‍ട്രീറ്റിലെ പരമ്പരാഗത രീതികളെ വെല്ലുവിളിച്ചു കൊണ്ട് പുതിയൊരു രീതിയിലാണ് ഗൂഗിള്‍ അത് ചെയ്തത്. പ്രാഥമിക വില്‍പ്പനയില്‍ ഗൂഗിളിന്‍റെ ഓഹരിക്ക് 85 ഡോളര്‍ (3825 രൂപ) ആയിരുന്നു വില. 2005 ജൂലായ് 21 ആയപ്പോഴേക്കും ഗൂഗിളിന്‍റെ ഓഹരിക്ക് 317.80 ഡോളര്‍ (14301 രൂപ) ആയി വില.
ആദ്യ ഓഹരി വില്‍പ്പന കഴിഞ്ഞ് കൃത്യം ഒരു വര്‍ഷം തികഞ്ഞപ്പോള്‍ ഗൂഗിളിന്‍റെ സ്ഥാപകരായ ലാറിപേജിന്‍റെയും, സെര്‍ജി ബ്രിനിന്‍റെയും ആസ്തി 1000 കോടി ഡോളര്‍ വീതമായി, 2006 മെയ് 11ന് ഗൂഗിള്‍ ഓഹരിയുടെ വില 387 ഡോളര്‍ (17,415 രൂപ) ആണ് അതനുസരിച്ച് ലാറിയുടെയും സെര്‍ജിയുടെയും ആസ്തി ഒരുമിച്ചു കൂട്ടിയാല്‍ 2500 കോടി ഡോളര്‍ വരും, ഓഹരി മൂല്യമനുസരിച്ച് അമേരിക്കന്‍ കമ്പനികളുടെ പട്ടികയിലെ ഏറ്റവും മുന്‍നിരയിലാണ് ഗൂഗിളിന്‍റെ സ്ഥാനം.
ഭാവനയും അദ്ധ്വാനശേഷിയുമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ഗൂഗിളിലൂടെ നിങ്ങള്‍ക്കും പണമുണ്ടാക്കാം. ഒരു വെബ് സൈറ്റ് തുടങ്ങിയാല്‍ മതി, ബ്ലോഗ് സൈറ്റായാലും കുഴപ്പമില്ല (പക്ഷേ മലയാളത്തില്‍ ഇത് പറ്റില്ല കാരണം ഇംഗ്ലീഷ് പോലുള്ള ചുരുക്കം ചില ഭാഷകളെയേ ആഡ്സെന്‍സ് പിന്തുണക്കുന്നുള്ളൂ) ആ സൈറ്റില്‍ ഗൂഗിളിന്‍റെ ആഡ്സെന്‍സിന്‍റെ സേവനം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മതി. നിങ്ങളുടെ വെബ്ബ്സൈറ്റിന്‍റെ ഉള്ളടക്കം ഗൂഗിളിന്‍റെ സെര്‍വ്വറുകള്‍ ഓട്ടോമാറ്റിക്കായി മനസ്സിലാക്കി, ആ ഉള്ളടക്കത്തിന് അനുയോജ്യമായ പരസ്യങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഗൂഗിള്‍ ഫിറ്റ് ചെയ്യും, സൈറ്റ് സന്ദര്‍ശിക്കുന്ന ആരെങ്കിലും ഗൂഗിള്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ അതില്‍ നിന്നുള്ള പണത്തിന്‍റെ ഒരു വിഹിതം നിങ്ങള്‍ക്കുള്ളതാണ്. അത് ചെക്കായി ഗൂഗിള്‍ നിങ്ങള്‍ക്ക് കൃത്യമായി അയച്ചു തരും പക്ഷേ ഇത് എത്ര ശതമാനമാണെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.
വെറുതേ സൈറ്റ് നിര്‍മ്മിച്ച് ആഡ്സെന്‍സിന്‍റെ സേവനം തേടിയിട്ട് കാര്യമില്ല. നിങ്ങളുടെ സൈറ്റ് ആളുകള്‍ സന്ദര്‍ശിക്കണം അതിന് സൈറ്റ് സജീവമായി നിലനിര്‍ത്തുകയും തുടര്‍ച്ചയായി നവീകരിക്കുകയും വേണം. തുടര്‍ച്ചയായ അധ്വാനം കൂടിയേ തീരു എന്ന് സാരം. അമേരിക്കയില്‍ വന്‍കിട സ്ഥാപനങ്ങളിലെ ജോലി രാജി വെച്ചിട്ട് ഗൂഗിളിന്‍റെ സഹായത്തോടെ സ്വന്തം ബ്ലോഗ് കൊണ്ട് ഇഷ്ടംപോലെ പണമുണ്ടാക്കുന്ന പ്രവണത ഏറി വരുന്നതിനെക്കുറിച്ച് മുന്‍പ് എക്കണോമിസ്റ്റ് വാരിക ഒരു ലേഖനം തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

1 comment: