Friday, November 5, 2010

ഇല്ലായ്മകളില്‍ നിന്ന് തുടക്കം

1998 സെപ്റ്റംബര്‍ ഏഴിന് സ്റ്റാന്‍ഫഡ് ക്യാമ്പസിന് സമീപം മെന്‍ലോ പാര്‍ക്കിലെ ഒരു ഗാരേജിലായിരുന്നു ഗൂഗിള്‍ കമ്പനിയുടെ തുടക്കം. ഇന്ന് കാലിഫോര്‍ണിയയിലെ മൌണ്ടന്‍ വ്യൂവില്‍ ഗൂഗിളിന്‍റെ ആസ്ഥാനമായ ഗൂഗിള്‍ പ്ലക്സ്സ് പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ തുടക്കത്തില്‍ ലാറി അതിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, സെര്‍ജി പ്രസിഡണ്ടും ചെയര്‍മാനുമായിരുന്നു. ഇപ്പോള്‍ ലാറിയും സെര്‍ജിയും സഹ പ്രസിഡണ്ടുമാരാണ്. ലാറിക്ക് ഉത്പന്നങ്ങളുടെ ചുമതലയും സെര്‍ജിക്ക് ടെക്നോളജിയുടെ ചുമതലയും, മെന്‍ലോ പാര്‍ക്കിലെ ഗാരേജിന്‍റെ ഇല്ലായ്മയില്‍ നിന്ന് ഗൂഗിള്‍ നടന്നു കയറിയത് ലോകത്തിന്‍റെ നെറുകയിലേക്കാണ്.പേജ് റാങ്കിന്‍റെ കണ്ടുപിടുത്തമല്ല യഥാര്‍ത്ഥത്തില്‍ ഗൂഗിളിന്‍റെ വിജയത്തിന് നിമിത്തമായത് ലാറിയും സെര്‍ജിയും ഗൂഗിളിനെ വില്‍ക്കാന്‍ കൊണ്ടു നടന്ന കാലത്ത് ആരും അത് വാങ്ങാന്‍ തയ്യാറായില്ല എന്നതാണ്. അത് കൊണ്ട് ഗതികെട്ട് അവര്‍ക്ക് സ്വന്തം കമ്പനി തുടങ്ങേണ്ടി വന്നു. മറ്റ് സെര്‍ച്ച് എഞ്ചിനുകളേക്കാള്‍ മികച്ചതെന്നു മനസ്സിലാക്കിയ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ വളരെ വേഗം ഗൂഗിളിനെ തങ്ങളുടെ സ്വന്തം സെര്‍ച്ച് എഞ്ചിനാക്കി. ആളുകള്‍ പരസ്പരം പറഞ്ഞ് ഗൂഗിള്‍ പ്രചരിച്ചു. പ്രചാരം വര്‍ദ്ധിച്ചതോടെ സെര്‍ച്ചിങ്ങിന്‍റെ തോതും കൂടി. ലക്ഷകണക്കിന് സെര്‍ച്ച് അഭ്യര്‍ത്ഥനകള്‍ ഒരേ സമയം കൈകാര്യം ചെയ്യുകയെന്നത് നിസ്സാരമല്ല സെര്‍ച്ച് ചെയ്യുമ്പോള്‍ പെട്ടന്ന് ഫലം കിട്ടണമെങ്കില്‍ അതിനനുസരിച്ചുള്ള കമ്പ്യൂട്ടര്‍ ശേഷി വേണം. ആദ്യവര്‍ഷങ്ങളില്‍ ഒരു വരുമാനവുമില്ലാതെ പ്രവര്‍ത്തിച്ച ഗൂഗിള്‍ കമ്പനിക്ക് വന്‍മുതല്‍ മുടക്കി കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നിര്‍മ്മിക്കുക സാദ്ധ്യമായിരുന്നില്ല. അതിന് ലാറിയും സെര്‍ജിയും ഒരു ഉപാധി കണ്ടെത്തി. നൂറുകണക്കിന് വിലകുറഞ്ഞ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വാങ്ങി ഫ്രിഡ്ജുകളെ അനുസ്മരിപ്പിക്കുന്ന റാക്കുകളില്‍ ക്രമീകരിച്ച് ഒരു പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കുക. ഗൂഗിള്‍ സ്ഥാപകര്‍ തന്നെ രൂപപ്പെടുത്തി പേറ്റന്‍റ് ചെയ്ത സവിശേഷമായ സോഫ്റ്റ് വെയര്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്.
ആദ്യ കാലത്തെ നിക്ഷേപങ്ങളൊക്കെ ലാറിയും സെര്‍ജിയും നടത്തിയത് പേഴ്സണല്‍ കംപ്യൂട്ടറുകള്‍ വാങ്ങിക്കൂട്ടാനാണ്. കോടിക്കണക്കിന് സെര്‍ച്ച് അഭ്യര്‍ത്ഥനകള്‍ ഒരേസമയം കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടര്‍ ശേഷി ഗൂഗിള്‍ നേടിയത് അങ്ങിനെയാണ്. ഇപ്പോള്‍ ഗൂഗിള്‍ പ്ലക്സിലെ രഹസ്യമുറികളില്‍ ഇങ്ങനെ ക്രമീകരിച്ചിട്ടുള്ള രണ്ടു ലക്ഷത്തിലേറെ വിലകുറഞ്ഞ പേഴ്സണല്‍ കംപ്യൂട്ടറുകളാണ് ഗൂഗിള്‍ എന്ന ഇന്‍റര്‍നെറ്റ് ഭീമന്‍റെ കരുത്ത്. എല്ലാം പരസ്യമാക്കുന്ന സ്വഭാവം ഗൂഗിളിനില്ല തന്ത്രങ്ങള്‍ മുഴുവന്‍ പറയാതിരിക്കുകയാണ് ഗൂഗിളിന്‍റെ തന്ത്രം. അതിനാല്‍ പുതിയ ചില ഉത്പന്നങ്ങള്‍ക്ക് പേറ്റന്‍റ് അപേക്ഷ നല്‍കാന്‍ പോലും ഗൂഗിള്‍ തയ്യാറാകാറില്ല എന്തിന് ഇത്തൊരമൊരാശയം സാദ്ധ്യമാണെന്ന് പ്രതിയോഗികളെ മുന്‍ കൂട്ടി അറിയിക്കണം എന്നാണ് ഗൂഗിളിന്‍റെ ഭാഷ്യം. ഗൂഗിളിന്‍റെ അസാധാരണമായ കമ്പ്യൂട്ടര്‍ ശേഷി എങ്ങിനെ ഉണ്ടാകുന്നു. എന്നത് ഇത്തരത്തില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള രഹസ്യങ്ങളില്‍ ഒന്നാണ്. ആയിരക്കണക്കന് കമ്പ്യൂട്ടറുകളിലേതെങ്കിലും നശിച്ചാല്‍ മറ്റ് കമ്പ്യൂട്ടറുകള്‍ അതിന്‍റെ ചുമതല സ്വന്തം നിലക്ക് ഏറ്റെടുക്കുംവിധമാണ് അവയുടെ ക്രമീകരണം, സെര്‍ച്ച് നടത്തുന്നയാള്‍ ഇക്കാര്യം അറിയുകപോലുമില്ല. ഗൂഗിളിന്‍റെ കമ്പ്യൂട്ടര്‍ ശേഷി മറ്റൊരു കമ്പനിക്ക് സൃഷ്ടിക്കണമെന്ന് വെച്ചാല്‍ അതിന് പതിന്മടങ്ങ് മുതല്‍മുടക്ക് വേണ്ടിവരും അതുകൊണ്ട് ഗൂഗിളിനെ ഇപ്പോഴത്തെ നിലക്ക് കടത്തി വെട്ടുക ബുദ്ധിമുട്ടാണ്.
ഗൂഗിളില്‍ സേര്‍ച്ച് നടത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരാള്‍ വെബ്ബിലല്ല അത് ചെയ്യുന്നത് ഗൂഗിളിന്‍റെ കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചു വെച്ചിട്ടുള്ള വേള്‍ഡ് വൈഡ് വെബ്ബിന്‍റെ ഇന്‍ഡക്സ് കോപ്പിയിലാണ്, അവിടെ നിന്ന് ലഭിക്കുന്ന സെര്‍ച്ച് ഫലത്തിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആണ് യഥാര്‍ത്ഥ വെബ്ബ് പേജിലേക്ക് ഒരാള്‍ എത്തുക, വെബ്ബിന്‍റെ ഇത്തരം ഒട്ടേറെ കോപ്പികള്‍ കാലിഫോര്‍ണിയയിലും വിര്‍ജീനിയയിലും സ്ഥിതി ചെയ്യുന്ന വ്യത്യസ്ഥ സെര്‍വ്വറുകളില്‍ ഗൂഗിള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാണ് സൂചന, ഏതെങ്കിലും അപകടത്താല്‍ കുറെ സെര്‍വ്വറുകള്‍ നശിച്ചാല്‍ മറ്റ് സെര്‍വ്വറുകള്‍ ഉടന്‍ തന്നെ ഇവയുടെ ഡ്യൂട്ടി ഏറ്റെടുക്കാന്‍ പാകത്തില്‍ ആണ് ഇവയുടെ ക്രമീകരണം അതിനാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ അറിയില്ല എന്തെങ്കിലും സംഭവിച്ചു എന്ന്.

No comments:

Post a Comment