Saturday, November 6, 2010

ഗൂഗിള്‍ (വാക്കുകള്‍ ലേലം ചെയ്യുന്നു.)

തികച്ചും സൌജന്യമായി ഗൂഗിള്‍ ഉപയോഗിക്കുന്നവരാണ് സാധാരണ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ ഗൂഗിളിന്‍റെ ഹോംപേജിന്‍റെ അഗാധതയ്ക്കുള്ളില്‍ പണംമുണ്ടാക്കാന്‍ ഏതെങ്കിലുമൊരു മാര്‍ഗ്ഗം ഒളിഞ്ഞിരിക്കുന്നു എന്ന് മിക്കവരും കരുതാറില്ല. പക്ഷേ സത്യം അതല്ല. 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു ആഗോള കമ്പോളമാണ് ഗൂഗിള്‍ നിര്‍ത്താതെ പണം പ്രവഹിക്കുന്ന ഒന്ന്. ക്രിയാത്മകമായ ഒരു പുത്തന്‍ ഓണ്‍ലൈന്‍ ബിസിനസ്സ് തന്ത്രം സെര്‍ച്ചിങ്ങിന്‍റെ മാന്ത്രികച്ചെപ്പിനുള്ളില്‍ ഒളിപ്പിച്ചു വെച്ചാണ് ഗൂഗിള്‍ ഇതുസാധിക്കുന്നത്. നിങ്ങള്‍ ഓരോ തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോഴും ഗൂഗിളിന്‍റെ വരുമാനം വര്‍ദ്ധിക്കുകയാണ്.
'വാക്കിന് വില വേണം' എന്നത് ഒരു ഭാഷാ പ്രയോഗമാണ്. ഈ പ്രയോഗത്തില്‍ കവിഞ്ഞ് വാക്കുകള്‍ക്ക് എന്തെങ്കിലും വില ഉണ്ടെന്ന് പലരും കരുതുന്നില്ല. പക്ഷേ ഗൂഗിളിന്‍റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. വാക്കുകള്‍ക്കാണ് വില. ലോകത്തെങ്ങുമുള്ള ഗൂഗിള്‍ ഉപഭോക്താക്കള്‍ സെര്‍ച്ചിങ്ങിനുപയോഗിക്കുന്ന നൂറുകണക്കിന് വാക്കുകള്‍ അണിയറയില്‍ ലേലം ചെയ്ത് വില്‍ക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. ഒരു പ്രത്യേക വാക്കുപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് നടത്തുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഫലങ്ങള്‍ക്കൊപ്പം വലതുവശത്തായി 'സ്പോണ്‍സേര്‍ഡ് ലിങ്ക്സ്' എന്ന പേരിലുള്ള ഫലങ്ങളും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്നത് കണ്ടിട്ടില്ലേ. നിങ്ങള്‍ സേര്‍ച്ച് ചെയ്യാനുപയോഗിച്ച വാക്കുകളുമായി ബന്ധമുള്ളവയായിരിക്കും ആ സ്പോണ്‍സേര്‍ഡ് ലിങ്ക്സ് അവ പരസ്യങ്ങളാണ്. നിങ്ങള്‍ സെര്‍ച്ചിങ്ങിനുപയോഗിച്ച വാക്കുകള്‍ ഗൂഗിളില്‍ നിന്ന് ഓണ്‍ലൈന്‍ ലേലത്തിലൂടെ വാങ്ങിയ കമ്പനികളുടെ പരസ്യങ്ങള്‍ . ഒരു വാക്ക് കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്യാനുപയോഗിക്കുമ്പോള്‍ ആ വാക്കിന് ലേലത്തില്‍ വില വര്‍ദ്ധിക്കുന്നു. ആ വാക്കുകളെ ലേലം ചെ്യത് വിറ്റ് കാശാക്കാം എന്ന് ആദ്യമായി തെളിയിച്ചത് ഒരു പക്ഷേ ഗൂഗിള്‍ ആയിരിക്കാം.
ആഡ് വേഡ്സ് (AdWords) എന്ന സര്‍വ്വീസ് വഴിയാണ് ഗൂഗിള്‍ ഇടതടവില്ലാതെ വാക്കുകള്‍ ലേലം ചെയ്ത് വില്‍ക്കുന്നത്. ഗൂഗിളിന്‍റെ അണിയറയില്‍ ഇത്തരമൊരു സംഗതി നടക്കുന്നു. എന്ന കാര്യം ഗൂഗിള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കറിയില്ല. ഗൂഗിളില്‍ പ്രത്യക്ഷപ്പെടുന്ന പതിനായിരക്കണക്കിന് പരസ്യങ്ങള്‍ക്ക് ന്യായമായ പ്രതിഫലം ഗൂഗിള്‍ ഈ ലേലത്തിലൂടെ നേടുന്നു. വലിയ ബിസിനസ്സുകാര്‍ക്ക് മാത്രമല്ല. ചെറുകിട കമ്പനികള്‍ക്കും വാക്കുകള്‍ ലേലത്തില്‍ പിടിക്കാം. പക്ഷേ വലിയ വിലക്ക് ലേലത്തില്‍ പിടിച്ചു എന്നു കരുതി ഒരു പരസ്യം സെര്‍ച്ച് ഫലങ്ങള്‍ക്കൊപ്പം ഒന്നാമത് വന്നു കൊള്ളണമെന്നില്ല. പരസ്യങ്ങളുടെ കാര്യത്തിലും 'പേജ് റാങ്കിങ്ങ്' ഗൂഗിള്‍ ഉപയോഗിക്കുന്നു, എന്നുവെച്ചാല്‍ പരസ്യത്തിന്‍റെ ജനപ്രീതി കൂടി കണക്കിലെടുത്തേ അത് ആദ്യമെത്തുമോ എന്ന് തീരുമാനിക്കപ്പെടൂ.
'ഡിജിറ്റല്‍ ക്യാമറ' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയാണെന്നിരിക്കട്ടെ സ്വാഭാവികമായും സെര്‍ച്ച് ഫലങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ ക്യാമറയുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ , സ്പോണ്‍സേര്‍ഡ് ലിങ്ക്സ് എന്ന പേരില്‍ സ്ക്രീനില്‍ എത്തും സെര്‍ച്ച് ചെയ്യുന്നയാള്‍ സ്പോണ്‍സേര്‍ഡ് ലിങ്കില്‍ ഏതെങ്കിലും ക്ലിക്ക് ചെയ്താല്‍ ആ പരസ്യം ഏത് സ്ഥാപനത്തിന്‍റേതാണോ ആ സ്ഥാപനത്തിന്‍റെ എക്കൌണ്ടില്‍ നിന്ന് ഒരു നിശ്ചിത തുക ഗൂഗിളിന്‍റെ എക്കൌണ്ടില്‍ എത്തും. ഉദാഹരണത്തിന് ആസ്ബറ്റോസ് മൂലമുണ്ടാകുന്ന ഒരിനം അര്‍ബുദമാണ് 'mesothelioma' ആസ്ബറ്റോസ് കമ്പനികളില്‍ നിന്ന് കോടികള്‍ നഷ്ടപരിഹാരം നേടാനുള്ള വഴിയാണ് ഈ രോഗം തുറന്ന് തരുന്നത്. അതിനാല്‍ ഈ വാക്കിനായി വന്‍കിട നിയമ കമ്പനികളും അഭിഭാഷകരും എത്ര പണം വേണമെങ്കിലും ലേലത്തില്‍ നല്‍കാന്‍ തയ്യാറാണ്.
30 ഡോളര്‍ (1350 രൂപ) ആണ് ഈ വാക്കിനുള്ള ഗൂഗിളിന്‍റെ ക്ലിക്ക് വില. ഗൂഗിളില്‍ ഏറ്റവും വിലയേറിയ വാക്കുകളിലൊന്നാണിത്. ഓരോ ക്ലിക്കും ഇങ്ങിനെ ഗൂഗിളിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. ജി-മെയിലിലും, യൂട്യൂബിലും, ഓര്‍ക്കുട്ടിന്‍റെ കമ്മ്യൂണിറ്റി പേജിലുമൊക്കെ ഇത്തരം സ്പോണ്‍സേര്‍ഡ് ലിങ്കുകള്‍ സന്നിവേശിപ്പിക്കുക വഴി പണത്തിനുള്ള പുതിയ വഴികള്‍ ഗൂഗിള്‍ തുറക്കുകയാണ്. ഇതുമുഴുവന്‍ ഗൂഗിളിന്‍റെ അതിഭീമമായ കംപ്യൂട്ടര്‍ ശേഷി ഉപയോഗിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്.

No comments:

Post a Comment