Friday, November 5, 2010

ഗൂഗിള്‍ (പുതുമ എന്നെന്നും)

ഒഴുക്കിനെതിരെ നീന്തിയാണ് ഗൂഗിള്‍ ആദ്യകാലത്ത് പിടിച്ചു നിന്നത്, പിന്നീട് ഇന്‍റര്‍നെറ്റിന്‍റെ ഒഴുക്ക് തന്നെ ഗൂഗിള്‍ അതിന് അനുകൂലമായി തിരിച്ചു വിട്ടു എന്നത് ചരിത്രം. തൊണ്ണൂറുകളുടെ അവസാനം സിലിക്കന്‍ വാലിയില്‍ സോഫ്റ്റ് വെയര്‍ കമ്പനികള്‍ ഒന്നൊന്നായി തകര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ആ സാഹചര്യം ഗൂഗിള്‍ പരമാവധി ചൂഷണം ചെയ്തു. സിലിക്കണ്‍ വാലിയിലെ പ്രതിസന്ധി ഒട്ടേറെ ഒന്നാംകിട കമ്പ്യൂട്ടര്‍ വിദഗ്ദരെ തൊഴില്‍ രഹിതരാക്കി. ഗൂഗിള്‍ അതിന്‍റെ വിപുലീകരണം തുടങ്ങുന്ന സമയമായിരുന്നു. സിലിക്കണ്‍ വാലിയിലെ ഏറ്റവും മുന്തിയ ബുദ്ധിമാന്മാരെ സ്വന്തം കുടക്കീഴിലാക്കാന്‍ ഗൂഗിളിന് ഇത് അവസരമൊരുക്കി. ലോകത്ത് ഒരു കമ്പനിക്കുമില്ലാത്ത കമ്പ്യൂട്ടര്‍ ശേഷിക്കൊപ്പം, ബൌദ്ധിക ശേഷിയും ഗൂഗിളിലേക്ക് ചേക്കേറി. നാസ, ബെല്‍ ലാബ്സ്, മൈക്രോസോഫ്ട്, വന്‍കിട സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഒന്നാംകിട വിദഗ്ദരാണ് ദിനംപ്രതി ഇപ്പോള്‍ ഗൂഗിളിലേക്ക് ഒഴുകുന്നത് അവരില്‍ സോഫ്റ്റ് വെയര്‍ വിദഗ്ദരും, കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരും മാത്രമല്ല, ഗണിത ശാസ്ത്രജ്ഞരും, നരവംശ ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരുമൊക്കെയുണ്ട് ഇപ്പോള്‍ ഗൂഗിളില്‍ . ഇതുമാത്രമല്ല ഇന്‍റര്‍നെറ്റിന്‍റെ പുതുയുഗത്തിന് ചേര്‍ന്ന ഒട്ടേറെ കമ്പിനികളെയും ഗൂഗിള്‍ വിലക്ക് വാങ്ങി സ്വന്തം കുടക്കീഴില്‍ ചേര്‍ത്തു. ഗൂഗിളിന്‍റെ ഓരോ വാങ്ങലുകളും കാലത്തിന്‍റെ ചുമരെഴുത്തിന്‍റെ പ്രതിഫലനമായിരുന്നു. ബ്ലോഗര്‍ ഡോട്ട്കോം (blogger.com) വികസിപ്പിച്ച പൈറ ലാബ്സിനെ 2003 ഫെബ്രുവരിയിലാണ് ഗൂഗിള്‍ സ്വന്തമാക്കിയത്. ബ്ലോഗിങ്ങിനെ ഏറ്റവും അധികം പേര്‍ ആശ്രയിക്കുന്ന സര്‍വ്വീസുകളിലൊന്നാണ് ബ്ലോഗര്‍ ഡോട്ട് കോം (എനിക്കിപ്പോള്‍ ഇങ്ങനെ ഒരു ലേഖനം എഴുതുവാന്‍ കഴിഞ്ഞതും അതുകൊണ്ട് തന്നെയാണ്) ആഡ്സെന്‍സിന്‍റെ സഹായത്തോടെ ബ്ലോഗറില്‍ നിന്ന് വന്‍വരുമാനവും ഗൂഗിള്‍ കൊയ്യുന്നു. സാധാരണക്കാരെപ്പോലും പര്യവേഷകരാക്കി മാറ്റുന്ന സോഫ്റ്റ് വെയര്‍ ആണ് ഗൂഗിള്‍ എര്‍ത്ത്, ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ ലോകത്തെവിടെയും നിങ്ങള്‍ക്ക് പറന്ന് ഇറങ്ങാം അത് വികസിപ്പിച്ച 'കീഹോള്‍' കമ്പനിയെ 2004ല്‍ ഗൂഗിള്‍ വിലക്ക് വാങ്ങി സ്വന്തമാക്കി. സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പോലും വീഡിയോ പിടിക്കാന്‍ ഇപ്പോള്‍ കഴിയും പക്ഷേ സ്വന്തമായി വീഡിയോ പ്രക്ഷേപണം ചെയ്യുക ബുദ്ധിമുട്ടാണ്. ആര്‍ക്കും സംപ്രേക്ഷകരാകാന്‍ അവസരമൊരുക്കുന്ന ഇന്‍റര്‍നെറ്റ് സംരഭമാണ് യുട്യൂബ് (YouTube). 2005ല്‍ ആരംഭിച്ച യുട്യൂബ് കമ്പനിയെ 165 കോടി ഡോളര്‍ നല്‍കിയാണ് ഗൂഗിള്‍ ഏറ്റെടുത്തത് തങ്ങളുടെ നവീന ബിസിനസ്സ് മാതൃക ഇന്‍റര്‍നെറ്റില്‍ വ്യാപിപ്പിക്കുവാനും ഗൂഗിള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക് സംവിധാനമുപയോഗിച്ച് റേഡിയോ നിലയങ്ങള്‍ക്ക് പരസ്യം പ്രദാനം ചെയ്യുന്ന ഡിമേര്‍ ബ്രോഡ്കാസ്റ്റിങ്ങ് (dMare Broadcasting) കമ്പനിയാണ് ഗൂഗിളിന്‍റെ ഭാഗമായി മാറിയ മറ്റൊരു സ്ഥാപനം.
ആദ്യം സാങ്കേതിക വിദ്യ കുറ്റമറ്റതാക്കുക അതിനുശേഷം മാത്രം അതിന്‍റെ വാണിജ്യ സാദ്ധ്യത പരിഗണിക്കുക എന്നതാണ് ഗൂഗിളിന്‍റെ രീതി. അതിനാല്‍ ഓരോ ചുവടുവെയ്പ്പിലും വ്യത്യസ്ഥതയും പുതുമയും നവീനതയും പുലര്‍ത്താന്‍ ഗൂഗിളിന് കഴിയുന്നു. ഇതാണ് ഗൂഗിളിനെ ഗൂഗിളായി നിലനിര്‍ത്തുന്ന മുഖ്യ ഘടകം. നിത്യജീവിതത്തില്‍ ഒരാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ലളിതമായ പരിഹാരം നല്‍കുന്നതാണ് ഗൂഗിളിന്‍റെ ഓരോ ഉല്‍പ്പന്നവും, അവയെല്ലാം ഉപഭോക്താക്കളെ സംബന്ധിച്ച് തികച്ചും സൌജന്യവുമാണ്. സെര്‍ച്ച് എഞ്ചിന്‍ കൂടാതെ ഗൂഗിള്‍ ഇമേജസ്, ഗൂഗിള്‍ ന്യൂസ്, ജിമെയില്‍ , ഗൂഗിള്‍ ഡെസ്ക്ക് ടോപ്പ്, ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ എര്‍ത്ത്, ഓര്‍ക്കുട്ട്, ഗൂഗിള്‍ സ്കോളാര്‍ , ഗൂഗിള്‍ ബുക്ക് സേര്‍ച്ച്, ഗൂഗിള്‍ പേറ്റന്‍റ് സേര്‍ച്ച്, ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച്, ഗൂഗിള്‍ ഗ്രൂപ്പ്സ്, യൂട്യൂബ്, പിക്കാസ, ഗൂഗിള്‍ ക്രോം etc. ... ഏറ്റവും ഒടുവിലായി കേട്ടത് ക്രോം ഒഎസ് എന്ന പേരില്‍ സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഇറക്കാന്‍ ഉള്ള ശ്രമത്തിലാണ് ഗൂഗിള്‍ എന്നാണ് നെറ്റുബുക്ക് പോലെയുള്ള കുറഞ്ഞ കോണ്‍ഫിഗറേഷനില്‍ ഉള്ള കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന തരത്തിലുള്ളതായിരിക്കും അത്. ഇതു കൂടാതെ ഗൂഗിള്‍ ലാബ്സ് എന്ന ഗൂഗിളിന്‍റെ പണിപ്പുരയില്‍ നിന്ന് പുറത്തു വരാന്‍ കാക്കുന്ന വേറെയും ഒരുപാട് ഉത്പന്നങ്ങള്‍ ഉണ്ട്.

No comments:

Post a Comment